തിരുവനന്തപുരം: കൊവിഡിന് മറവിലെ പിണറായി സര്‍ക്കാരിന്റെ മറ്റൊരു വന്‍ അഴിമതി തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതി, സെബിയുടെ നിരോധനം നിലനില്‍ക്കുന്ന വിദേശ കമ്പനിക്ക് നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്ക് കരാര്‍ നല്കാന് തീരുമാനമായത്. നിരവധി അഴിമതി ആരോപണങ്ങളും സെബിയുടെ നിരോധനവും നേരിടുന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് താല്പര്യമെന്നും അദ്ദേഹം ചോദിച്ചു.
കെ.പി.എം.ജി ഉള്‍പ്പെടെ പിണറായി സര്‍ക്കാര്‍ കരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. കൊവിഡിന്റെ മറവില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾക്കായുള്ള ഇ മൊബിലിറ്റി പദ്ധതിയുടെ കരാറാണ് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്. സെബിയുടെ നിരോധനം നേരിടുന്ന കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. സത്യം കുംഭകോണം, നികുതിവെട്ടിപ്പ് ഉള്‍പ്പെടെ 9 കേസുകൾ നേരിടുന്ന കമ്പനിയാണിത്.
2018 മാർച്ച് 31ന് രണ്ട് വർഷത്തേക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ സെബി നിരോധിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ പിണറായി ഗവണ്മെന്റ് ഈ കമ്പനിക്ക് കരാര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തിലുള്ള വിസിൽ ബ്ലോവേഴ്സ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. ഈ കമ്പനിയെ പദ്ധതികളിൽ ഉൾപ്പെടുത്തരുതെന്ന് കാട്ടി കേന്ദ്രത്തിനും കത്തയച്ചിരുന്നു. നിരവധി പദ്ധതികൾ നിരോധനം നേരിടുന്ന കമ്പനിക്ക് കേരള സർക്കാർ നല്കി എന്നതുകൊണ്ടാണ് ജസ്റ്റിസ് എ.പി ഷാ കത്തയച്ചത്. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് നിരോധിച്ച കമ്പനിക്ക് കൺസൾട്ടൻസി കൊടുക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്. ഈ ബഹുരാഷ്ട്ര കമ്പനിക്ക് കരാർ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് പദ്ധതിയുടെ കരാര്‍ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നല്കാന് തീരുമാനിച്ചത്. ക്യാബിനറ്റ് ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം ദുരൂഹമാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഈ കരാറിന് മുൻകൈയെടുത്തത്. ഗതാഗത മന്ത്രി ഇക്കാര്യം സംബന്ധിച്ച് അറിഞ്ഞിരുന്നോ എന്നത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരാറിന്റെ വിശദാംശങ്ങൾ അറിയുമ്പോൾ മാത്രമേ അഴിമതിയുടെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പൂർണമായും ലംഘിച്ച് നടത്തിയ കരാർ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് ചോദ്യങ്ങളും രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചു.
1. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ ഒരു വിദേശ കമ്പനിയോട് ഇത്ര താൽപര്യം കാണിക്കുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രിക്ക്ഈ കമ്പനിയുമായുള്ള ബന്ധം എന്ത്?
2. കരാർ സംബന്ധിച്ച് ഗഗാതഗ മന്ത്രി അറിഞ്ഞിരുന്നോ?
3. സെബിയുടെ നിരോധനം നിലനിൽക്കുന്ന കമ്പനിക്ക് മുഖ്യമന്ത്രി ഇടപെട്ട് എന്തുകൊണ്ട് കരാർ കൊടുത്തു?
4. നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് കരാര്‍ നല്‍കിയത് എങ്ങനെ?
5. ജസ്റ്റിസ് എ.പി ഷാ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം.
https://www.facebook.com/JaihindNewsChannel/videos/2654360218161975/