ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 43 മരണം ; മരണസംഖ്യ ഉയരാന്‍ സാധ്യത

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 43 മരണം. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവരം. ഡല്‍ഹിയിലെ അനജ് മാന്‍ഡി പ്രദേശത്ത് ഞായറാഴ്ച പുലർച്ചെയാണ്  തീപിടിത്തമുണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടർമാര്‍ അറിയിച്ചു. അപകടസമയത്ത് അമ്പതിലേറെ തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു.

കെട്ടിടത്തിന് തീപിടിച്ചതായി പുലർച്ചെ 5.22 നാണ് വിവരം ലഭിച്ചത്. തുടർന്ന് 30 ഫയർ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിൽ കുടുങ്ങിയ 52 ലധികം പേരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ച 32 പേർ ചികിത്സയ്ക്കിടെ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

തൊഴിലാളികളെ പാർപ്പിച്ചിരുന്ന  കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സ്‌കൂൾ ബാഗുകളും കുപ്പികളും മറ്റ് വസ്തുക്കളും ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റവരെ എൽ‌.എൻ‌.ജെ‌.പി , ആർ‌.എം‌.എൽ , ഹിന്ദു റാവു തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംഭവസ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ തന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

delhi fire
Comments (0)
Add Comment