മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും ലണ്ടന്‍ താമസത്തിന് ചെലവായത് 43.14 ലക്ഷം; വിവരാവകാശ രേഖ

Jaihind Webdesk
Friday, December 2, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലണ്ടൻ സന്ദർശനത്തിലെ താമസത്തിനും പ്രാദേശിക യാത്രകള്‍ക്കുമായി മാത്രം ചെലവായത് 43.14 ലക്ഷം രൂപ. ലണ്ടനിലെ ഹൈക്കമ്മീഷനാണ് യാത്രയുടെ ചെലവുകൾ വെളിപ്പെടുത്തിയത്. സംസ്ഥാന സർക്കാർ ലണ്ടന്‍ യാത്രയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന്‍റെ ചെലവുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും വിമാനത്താവളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ഇത് വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണ്. ലണ്ടനിൽ ഒക്ടോബർ 8 മുതൽ 12 വരെയായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും സന്ദർശനം. മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും വിദേശ സന്ദർശനം ആരംഭിച്ചത് ഒക്ടോബർ നാലിനായിരുന്നു. നിലവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് വിദേശത്തേക്കും തിരിച്ചുള്ള യാത്രയുടെ വിമാന ടിക്കറ്റിന്‍റെ നിരക്കുകളില്ല. ഈ തുക ആദ്യം ഹൈക്കമ്മീഷൻ നിയമപ്രകാരം ചെലവഴിക്കുകയും പിന്നീട് സംസ്ഥാന സർക്കാറിൽ നിന്ന് ഈടാക്കുകയുമാണ് ചെയ്തത്.

മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ്, വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവർ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. യാത്രയിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശനം നടത്തിയത് നോർവെ, ബ്രിട്ടൻ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കാന്‍ വേണ്ടിയായിരുന്നു യാത്രയെന്നാണ് സർക്കാർ വിശദീകരണം.