മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണുമായുള്ള അഭിപ്രായവ്യത്യാസം; എഐ ക്യാമറയുടെ കണ്ണില്‍പെട്ടിട്ടും പിഴ കൊടുക്കാതെ 40 ലക്ഷം നിയമലംഘകര്‍

Jaihind Webdesk
Wednesday, August 14, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറയുടെ കണ്ണില്‍പെട്ടിട്ടും പിഴ കൊടുക്കാതെ രക്ഷപെട്ടത് 40 ലക്ഷത്തോളം നിയമലംഘകര്‍. ക്യാമറ സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുന്നതാണ് നിയമലംഘകര്‍ രക്ഷപെടാന്‍ സാഹചര്യമൊരുക്കുന്നത്.

മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുന്നതിനാല്‍ ക്യാമറയില്‍ കുടുങ്ങിയ 64 ലക്ഷത്തോളം നിയമലംഘനങ്ങളില്‍ 40 ലക്ഷത്തോളം പേര്‍ക്ക് കെല്‍ട്രോണ്‍ പിഴ നോട്ടീസ് അയച്ചില്ല. ഇതോടെ ഇരുന്നൂറ് കോടിയോളം രൂപയാണ് സര്‍ക്കാരിന് നഷ്ടം. ഗതാഗത നിയമലംഘനങ്ങള്‍ തടയാനുള്ള നിര്‍ണായക നീക്കമെന്നായിരുന്നു 230 കോടി മുടക്കി സ്ഥാപിച്ച ക്യാമറകളെ സര്‍ക്കാര്‍ അന്ന് വിശേഷിപ്പിച്ചത്. ക്യാമറയുടെ കണ്‍ട്രോള്‍ റൂമിന്‍റെ മേല്‍നോട്ടവും പിഴ നോട്ടീസ് അയക്കുന്നതും കെല്‍ട്രോണാണ്.

ഒരു വര്‍ഷം 25 ലക്ഷം പിഴ നോട്ടീസ് അയച്ച കെല്‍ട്രോണ്‍ ആ പരിധി കഴിഞ്ഞപ്പോള്‍ നിര്‍ത്തി. ഒരു പിഴയ്ക്ക് ശരാശരി 500 രൂപ സര്‍ക്കാരിന് വരുമാനം കിട്ടേണ്ടതാണ്. അങ്ങനെ 40 ലക്ഷം നിയമലംഘനങ്ങളുടെ പിഴ ഒഴിവാക്കിയപ്പോള്‍ സര്‍ക്കാരിന് നഷ്ടം ഇരുന്നൂറ് കോടി രൂപയാണ്. ക്യാമറ സ്ഥാപിച്ചപ്പോള്‍ ആന്‍റണി രാജുവായിരുന്നു ഗതാഗതമന്ത്രി. ഇപ്പോള്‍ കെ.ബി. ഗണേഷ്‌കുമാറും. മന്ത്രിമാറിയതോടെ വകുപ്പിന് എഐ ക്യാമറയോട് താല്‍പര്യം കുറഞ്ഞതാണ് ഈ അനാസ്ഥയ്ക്ക് കാരണം.