ഫോമയുടെ തണലില്‍ അടച്ചുറപ്പുള്ള വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് ചേക്കേറാനൊരുങ്ങി 40 കുടുംബങ്ങൾ

Jaihind Webdesk
Saturday, June 1, 2019

ടാർപ്പാളിന്‍ ഷെഡ്ഡുകളിലെ ദുരിത ജീവിതത്തിൽ നിന്ന് 40 കുടുംബങ്ങൾ അടച്ചുറപ്പുള്ള വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് ചേക്കേറാൻ ഇനി മണിക്കുറുകൾ മാത്രം. ജൂൺ മാസം 2 ന് അമേരിക്കൽ മലയാളി സംഘടനയായ ഫോമ നിർമ്മിച്ച് നൽകുന്ന 40 വീടുകളുടെ താക്കോൽദാന ചടങ്ങുകൾക്കായുള്ള അന്തിമ ഒരുക്കങ്ങളിലാണ് സംഘാടകർ.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് റവന്യു മന്ത്രിയായിരുന്ന അടൂർ പ്രകാശ് മുൻകൈയെടുത്ത് തിരുവല്ല പുളിക്കീഴ് ഷുഗർ മില്ലിന്‍റെ ഉടമസ്ഥതയിലുള്ള 80 ഏക്കർ സ്ഥലത്തു നിന്നും 3 സെന്റ് വീതം 140 ഭൂരഹിത കുടുംബങ്ങൾക്ക് വീട് വയ്ക്കാനായി വിട്ടുനൽകിയത്. ഇതിൽ 40 കുടുംബങ്ങളാണ് ഇവിടെ സ്ഥിരതാമസമാക്കിയത്. മഹാ പ്രളയത്തിൽ ഈ പ്രദേശമാകെ വെള്ളത്തിനടിയിലാവുകയും 40 വീടുകളും തകരുകയും ചെയ്തു. ഈ മുഴുവൻ കുടുബങ്ങളെയും പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ഫോമ പ്രവർത്തകർ ഫോമ വില്ലേജ് പദ്ധതി എന്ന പേരിൽ 40 വീടുകളും പുനർനിർമ്മിക്കുകയായിരുന്നു. പ്രളയകാലത്തെ ജലനിരപ്പ് അടയാളപ്പെടുത്തി അത്രയും ഉയരത്തിൽ പില്ലർ സ്ഥാപിച്ച് ഇനിയും ഇത്തരത്തിലൊരു പ്രളയത്തെപ്പോലും അതിജീവിക്കുന്ന തരത്തിലാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

വീടുകൾ നിർമ്മിച്ച് നൽകുന്നതിന് പുറമെ ഫോമ വില്ലേജിലെ അന്തേവാസികൾക്ക് വിദ്യാഭ്യാസം ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കും ഫോമാ അധികൃതർ സഹായം നൽകുമെന്നും ഗ്രാമത്തെ ദത്തെടുക്കാൻ അംഗങ്ങൾ തയ്യാറായിട്ടുണ്ടെന്നും ഭാരവാഹികൾ പറയുന്നു. താക്കോൽ കൈമാറും മുൻപ് വീടുകളുടെ അവസാന വട്ട മിനുക്ക് പണികളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

കഴിഞ്ഞ പത്ത് മാസത്തിലധികമായുള്ള താത്ക്കാലിക ഷെഡ്ഡുകളിലെ ദുരിത ജീവിതത്തിൽ നിന്ന് പുതിയ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് മാറാൻ മണിക്കൂറുകളെണ്ണി കഴിയുന്ന ഭവനരഹിതർക്കം ഫോമ പ്രവർത്തകരോടുള്ള നന്ദി വാക്കുകൾക്കും അപ്പുറമാണ്.