മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്ലാതെ 40 നാളുകള്‍; ഓര്‍മ്മയില്‍ വിതുമ്പി പുതുപ്പള്ളി; പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍

Jaihind Webdesk
Saturday, August 26, 2023

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം ആചരിച്ചു. പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 6.30നു പ്രഭാത പ്രാർത്ഥനയും തുടർന്ന് കുർബാനയും നടന്നു. ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികത്വത്തിലാണ് കുർബാന നടന്നത്. പിന്നാലെ, അദ്ദേഹത്തിന്‍റെ കല്ലറയിൽ ധൂപ പ്രാർഥനയും നടന്നു. യൂഹാനോൻ മാർ ദിസ്കോറോസ് മുഖ്യകാരത്തിലായിരുന്നു ധൂപപ്രാർത്ഥന. കുർബാനയിലും ധൂപപ്രാർത്ഥനയിലും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

നിരവധി ആളുകളാണ് ഉമ്മൻചാണ്ടിയുടെ 40 ആം ചരമ ദിനത്തിൽ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ കബറടത്തിൽ എത്തി പ്രാർത്ഥിച്ച് മടങ്ങിയത്. പതിനായിരത്തോളം പേർക്കു പ്രഭാതഭക്ഷണവും ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ 18നാണ് മുന്‍ മുഖ്യമന്ത്രിയും ജനനായനുമായ ഉമ്മന്‍ചാണ്ടി വിടപറഞ്ഞത്. അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി ലക്ഷക്കണക്കിന് ജനങ്ങളാണ് തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ഉള്ള അദ്ദേഹത്തിൻറെ വിലാപയാത്രയിൽ അണിചേർന്നത്.