കൊല്ലം പാരിപ്പള്ളിയില്‍ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ചു; അമ്മ പൊലീസ് കസ്റ്റഡിയില്‍

Jaihind News Bureau
Sunday, October 6, 2019

കൊല്ലം പാരിപ്പള്ളിയില്‍ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ചു. ദീപുവിന്‍റെ മകള്‍ നാലു വയസ്സുകാരിയായ ദിയയാണ് മരിച്ചത്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയുടെ മർദ്ദനമേറ്റാണ് കു‍ഞ്ഞ് മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി നില വഷളായി. ഇതേത്തുടർന്ന് പ്രവേശിപ്പിച്ച കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്.

മരിച്ച ദിയയുടെ കാലിൽ രക്തം കട്ട പിടിച്ച പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം മുമ്പ് അടി കൊണ്ടതിന്‍റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോൾ രക്തം ഛർദ്ദിച്ചാണ് മരിച്ചത്.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുട്ടിയെ കമ്പ് കൊണ്ട് കാലിൽ അടിച്ചു എന്നല്ലാതെ, വേറെ മർദ്ദിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനോട് പറയുന്നത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് കുഴഞ്ഞു വീണ അച്ഛൻ ദീപു ഇപ്പോഴും ചികിത്സയിലാണ്.

കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടെന്ന് അച്ഛന്‍റെ സഹോദരി ഷൈമ പറഞ്ഞു. പക്ഷേ നഴ്‍സായ രമ്യ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും കുട്ടികളെ മർദ്ദിക്കാറില്ലെന്നാണ് തന്‍റെ അറിവെന്നും അങ്ങനെയല്ലാത്ത ഒരു പരാതിയും ഇത് വരെ അറിയില്ലെന്നും ഷൈമ പറഞ്ഞു. എല്ലാവരോടും നന്നായിത്തന്നെയാ പെരുമാറിയിരുന്നതെന്നും എന്താണിതിന്‍റെ സത്യാവസ്ഥയെന്ന് അറിയില്ലെന്നും ഷൈമ പറഞ്ഞു.