വോട്ടെണ്ണല്‍ തുടങ്ങി; കൂട്ടിയും കിഴിച്ചും മുന്നണികള്‍; ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

Jaihind Webdesk
Sunday, December 3, 2023

 

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. രാജസ്ഥാൻ, ഛത്തീസ്​ഗഢ്, മധ്യപ്രദേശ്, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലത്തിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് രാജ്യം. മിസോറമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് തുടർഭരണവും മധ്യപ്രദേശിലും തെലങ്കാനയിലും വിജയവും വിവിധ സർവേകള്‍ പ്രവചിച്ചു. രാജസ്ഥാനില്‍ 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. മധ്യപ്രദേശിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ഭരണത്തില്‍ തുടരാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് 130-ലധികം സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെലങ്കാനയില്‍ ശക്തമായ വിജയപ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം 5 നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാൻഡ് നിയോഗിച്ചു. കോൺഗ്രസ് നേതാക്കളും ഡി.കെ. ശിവകുമാറുമായി രാഹുൽ ഗാന്ധി സൂം മീറ്റിംഗ് വഴി ചർച്ച നടത്തി. ഛത്തീസ്ഗഢില്‍ തുടർഭരണം തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. അട്ടിമറിവിജയം സ്വപ്നം കാണുകയാണ് ബിജെപി ഇവിടെ. പ്രാദേശികമായ കാരണങ്ങളാല്‍ മിസോറമിലെ വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.