പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരികെ വിളിച്ചു

Jaihind Webdesk
Friday, May 17, 2019

Police-Postal-Vote-Issue

പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ നാല് പോാലീസുകാരെ എപി ബറ്റാലിയൻ എഡിജിപി തിരിച്ച് വിളിച്ചു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. പൊലീസിലെ പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പോലീസുകാരൻ മണിക്കുട്ടന്‍ ഉൾപ്പെടെ നാല് പേരെയാണ് തിരിച്ചുവിളിച്ചത്. നാട്ടിലെത്തി എപി ബറ്റാലിയൻ എഡിജിപിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യാനാണ് ഇവര്‍ നല്‍കിയിരിക്കുന്ന നിർദ്ദേശം. പൊലീസിലെ പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്‍റലിജന്‍സ് അന്വേഷണത്തില്‍ പരാമര്‍ശമുള്ളതിനാലും നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരികെ വിളിച്ചത്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരും.

വൈകിട്ടുതന്നെ ഇവര്‍ കേരളത്തില്‍ മടങ്ങി എത്തുമെന്നാണ് വിവരം. വിഷയത്തില്‍ വൈശാഖ് എന്ന പോലീസുകാരന്‍ നേരത്തെ തന്നെ സസ്‌പെന്‍ഷനിലാണ്. ഇതിന്‍റെ തുടര്‍നടപടിയെന്ന നിലയ്ക്കാണ് മറ്റ് നാല് പോലീസുകാരെ തിരികെ വിളിച്ചിട്ടുള്ളതെന്നാണ് സൂചന.

വട്ടപ്പാറ പോസ്‌റ്റോഫീസില്‍ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വന്ന സംഭവം വിവാദമായിരുന്നു. പോസ്റ്റല്‍ ബാലറ്റുകളെല്ലാം മണിക്കുട്ടന്‍ എന്ന പോലീസുകാരന്‍റെ വിലാസത്തിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.