ലഖിംപുർ കർഷക കൊലപാതകം: ബിജെപി നേതാവുള്‍പ്പെടെ 4 പേർ കൂടി അറസ്റ്റില്‍

ലഖിംപുര്‍ : ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രത്തിന്‍റെ കാർഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ കൂടി അറസ്റ്റിലായി. വണ്ടിയിലുണ്ടായിരുന്ന ബിജെപി നേതാവ് ഉള്‍പ്പെടെയുള്ളവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

സത്യ പ്രകാശ് ത്രിപാഠി, സുമിത് ജയ്സ്വാള്‍, ശിശുപാല്‍, നന്ദന്‍ സിംഗ് ബിഷ്ത് എന്നിവരാണ് അറസ്റ്റിലായത്. ലഖിംപുര്‍ ഖേരി പോലീസും ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘവും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. സത്യപ്രകാശ് ത്രിപാഠിയില്‍ നിന്ന് ലൈസന്‍സുള്ള റിവോള്‍വറും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തു.

കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനത്തില്‍ നിന്ന് സുമിത്ത് രക്ഷപ്പെടുന്നത് വ്യക്തമാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒക്ടോബര്‍ 3 നാണ് നാല് കര്‍ഷകരുടെയും ഒരു പത്രപ്രവര്‍ത്തകന്‍റെയും ദേഹത്തേക്ക്‌ വാഹനവ്യൂഹം ഓടിച്ചുകയറ്റിയത്. വാഹനങ്ങളിലൊന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേതായിരുന്നു. വിഷയത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ്ബിജെപിയും കേന്ദ്രസർക്കാരും സ്വീകരിക്കുന്നത്. പ്രതിഷേധം കടുത്തെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

വിഷയത്തില്‍ സുപ്രീം കോടതി കടുത്ത വിമർശനം ഉയര്‍ത്തിയതിന് പിന്നാലെ തല്‍സ്ഥിതി റിപ്പോർട്ടും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെ ഒക്ടോബര്‍ 9ന് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കര്‍ഷകരുടെ നേര്‍ക്ക് ഓടിച്ചുകയറ്റിയ വാഹനത്തില്‍ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്ന് മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ആശിഷ് മിശ്ര നിഷേധിച്ചു.

Comments (0)
Add Comment