ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

Jaihind Webdesk
Sunday, December 15, 2024

പത്തനംതിട്ട:  കൂടൽ മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, മകന്‍ നിഖില്‍, ഭാര്യ അനു, പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്.

നവംബർ 30നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. മലേഷ്യയിൽ 15 ദിവസത്തെ മധുവിധു ആഘോഷിച്ചശേഷം വിമാനത്താവളത്തില്‍ നിന്നും ഇരുവരെയും പിതാക്കന്മാർ നാട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു. തെലങ്കാനയിൽനിന്നുള്ള 19 ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിന്‍റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് എഫ് ഐ ആർ റിപ്പോർട്ട്.

റോഡ് നിർമാണം പൂർത്തിയായശേഷം നിരന്തരം അപകടം നടക്കുന്ന പാതയാണ് പുനലൂർ–മൂവാറ്റുപുഴ  സംസ്ഥാന പാത. റോഡിന്‍റെ അശാസ്ത്രീയതയാണ്  ഇത്തരം അപകടങ്ങള്‍ തുടർക്കഥയാക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.