സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

Jaihind Webdesk
Tuesday, May 14, 2024

 

കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വൻ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.  ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പോലീസ് കേസെടുത്തു.

പ്രാഥമിക പരിശോധനയിൽ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. ജനുവരി മുതൽ പല തവണകളായി വായ്‌പകൾ അനുവദിച്ച് കൊണ്ടായിരുന്നു തട്ടിപ്പ്. സഹകരണ വകുപ്പിന്‍റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥർ ഭരണസമിതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്‍റ് ബെള്ളൂർ കിന്നിങ്കാറിലെ കെ. സൂപ്പി പോലീസിൽ പരാതി നൽകി.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതി ഫയൽ ചെയ്യാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘം പ്രസിഡന്‍റിന് നിർദ്ദേശം നൽകിയത്. സിപിഎം പ്രാദേശിക നേതാവായ രതീശൻ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ. രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് സിപിഎം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. രതീശൻ ഒളിവിലാണെന്ന് പോലീസ് പറയുന്നു.