സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കോടികള്‍ പൊടിക്കാന്‍ ലോക കേരള സഭയുമായി സർക്കാർ

Wednesday, May 11, 2022

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കോടികൾ മുടക്കി വീണ്ടും ലോക കേരള സഭ നടത്താനൊരുങ്ങി സർക്കാർ. മൂന്നാം ലോക കേരള സഭയുടെ മുന്നൊരുക്കങ്ങൾക്കും നടത്തിപ്പിനുമായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു. ലോക കേരള സഭയുടെ മൂന്നാമത് സമ്മേളനം ജൂൺ 17, 18 തീയതികളിൽ നടത്താനാണ് തീരുമാനം. സഭയുടെ പ്രവർത്തനത്തിനായി സ്ക്രിനിംഗ് കമ്മിറ്റി , എംപവേർഡ് കമ്മിറ്റി , പ്രോഗ്രാം കമ്മിറ്റി , വെന്യു കമ്മിറ്റി , കൾച്ചറൽ കമ്മിറ്റി , ഫുഡ് ആന്റ് അക്കമൊഡേഷൻ കമ്മിറ്റി , പബ്ളിസിറ്റി കമ്മിറ്റി , സെമിനാർ കമ്മിറ്റി , മീഡിയ സെമിനാർ കമ്മിറ്റി , ഓപ്പൺ ഫോറം കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ രൂപികരിച്ചു.

നോർക്ക പ്രിൻസിപ്പൾ സെകട്ടറി സുമൻ ബില്ലയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ലോക കേരള സഭാംഗങ്ങളെയും ക്ഷണിതാക്കളെയും തെരഞ്ഞെടുക്കുക, നിലവിലുള്ള സഭയുടെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കുക, ഇവ സംബന്ധിച്ച ശുപാർശ സർക്കാരിൽ സമർപ്പിക്കുക എന്നിവയാണ് സ്ക്രിനിംഗ് കമ്മിറ്റിയുടെ പ്രധാന ചുമതല. നോർക്ക റൂട്ട്സ് റസിഡന്‍റ്  വൈസ് ചെയർമാനായ പി. ശ്രീരാമകൃഷ്ണനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർമാൻ. ശ്രീരാമകൃഷ്ണനെ കൂടാതെ മൂന്നു പേർ മാത്രമാണ് സ്ക്രിനിംഗ് കമ്മിറ്റിയിൽ ഉള്ളത്. അതോടെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്‍റെ പരമാധികാരി പി ശ്രീരാമകൃഷ്ണൻ ആകുമെന്നർത്ഥം.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ വിവാദത്തിൽ പെട്ട ഇറ്റലിയിൽ നിന്നുള്ള പ്രതിനിധി അനിത പുല്ലയിലിനെ മൂന്നാം ലോക കേരള സഭയിൽ നിന്ന് ഒഴിവാക്കും. ഒന്നും രണ്ടും ലോക കേരള സഭയിൽ പങ്കെടുത്ത വ്യക്തിയാണ് വിവാദ നായികയായ അനിത പുല്ലയിൽ. ലോക കേരള സഭയുടെ നടത്തിപ്പ്, അനുബന്ധ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് എംപവേർഡ് കമ്മിറ്റിയുടെ ചുമതല. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് എംപവേർഡ് കമ്മിറ്റിയുടെ ചെയർമാൻ.

മൂന്നു കോടി രൂപയാണ് ലോക കേരള സഭയുടെ നടത്തിപ്പിനായി നീക്കി വച്ചിരിക്കുന്നത്. 2018 ലും 2020 ലുമാണ് ഒന്നും രണ്ടും ലോക കേരള സഭകൾ നടന്നത്. അന്നു അഞ്ചു കോടിക്ക് മുകളിലായിരുന്നു ഇതിന്റെ ചെലവുകൾ. ലോക കേരള സഭ കൊണ്ട് സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു ഗുണവും ഇല്ല എന്ന ആക്ഷേപം ശക്തമാണ്. സോഷ്യൽ മീഡിയ ലോക കേരള സഭയെ വിമർശിക്കുന്നത് പ്രാഞ്ചിയേട്ടൻ സഭ യെന്നാണ്.

നേരത്തെ ലോക കേരള സഭയുടെ ധൂർത്തിനെ തുടർന്ന് അന്ന് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്കരിച്ചിരുന്നു. 16 കോടിയോളം മുടക്കി നിർമിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ലോക കേരള സഭ നടന്നത്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ൻ ആയിരുന്നു മുഖ്യമന്ത്രിയെ കൂടാതെ ലോക കേരള സഭയുടെ പ്രധാന നടത്തിപ്പുകാരൻ. ഇത്തവണ സ്പീക്കർ എം ബി രാജേഷിനെ അറിയിക്കാതെയാണ് നോർക്കയുടെ തലപ്പത്തുള്ള മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ മൂന്നാം ലോക കേരള സഭ നടത്തിപ്പ് തീയതി പ്രഖ്യാപിച്ചത്. ഇത് സ്പീക്കർ എം ബി രാജേഷിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.