പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 37 മരണം ; നിരവധി പേര്‍ക്ക് പരിക്ക്

Monday, June 7, 2021

 

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ തമ്മിൽ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 37 പേര്‍ മരിച്ചു. അപകടത്തില്‍ അമ്പതിലേറെ പേർക്ക് പരിക്കേറ്റിറ്റുണ്ട്.  മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

സിന്ധിലെ ഗോട്കി ജില്ലയിലെ ദർകി നഗരത്തിന് സമീപമായിരുന്നു അപകടം. എട്ട് ബോഗികൾ പൂർണ്ണമായും തകർന്നു. കറാച്ചിയില്‍നിന്നും സര്‍ഗോധയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസും ലഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയിദ് എക്‌സ്പ്രസുമായാണ് കൂട്ടിയിടിച്ചത്.  1,100 ഓളം യാത്രക്കാർ രണ്ട് ട്രെയിനുകളിലുമായി ഉണ്ടായിരുന്നതായി റയിൽവേ വൃത്തങ്ങൾ അറിയിച്ചു. പാളം തെറ്റിയ മില്ലത് എക്സ്പ്രസിലേക്ക് സർ സയിദ് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അപകടത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ബോഗികളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.