ഗുരുവായൂര്‍ അമ്പല നടയിൽ ഇന്ന് നടക്കുന്നത് 354 വിവാഹങ്ങൾ; ബുക്കിംഗ് തുടരുന്നുവെന്ന് ദേവസ്വം

 

തൃശൂർ: ഗുരുവായൂർ അമ്പല നടയില്‍ ഇന്ന് നടക്കുന്നത് റെക്കോഡ് കല്യാണങ്ങൾ . 354 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. അവധി ദിവസമായതിനാൽ ഭക്തജനങ്ങളുടെ വലിയ തിരക്കും ക്ഷേത്രത്തിലുണ്ട്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.

2017ൽ നടന്ന 277 വിവാഹങ്ങളാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്. സാധാരണ രീതിയിൽ വിവാഹ ആവശ്യങ്ങൾക്കായി 4 മണ്ഡപങ്ങളാണ് നിലവിലുള്ളത്. ഇന്നതെ പ്രത്യേക ബുക്കിങ് പരി​ഗണിച്ച് രണ്ട് മണ്ഡപങ്ങൾ അധികമായി സജ്ജീകരിച്ചിട്ടുണ്ട്. ആറു മണ്ഡപങ്ങളിലും ഒരേ സമയം വിവാഹങ്ങൾ നടക്കും.

ഒരു വിവാഹത്തിന് പത്തുമിനുട്ട് എന്ന നിലയിലാണ് നിലവിലെ സജ്ജീകരണം. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രാർഥനയ്ക്കായി എത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി ക്യൂ നിൽക്കാനും പ്രത്യേക വരി ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാ​ഗമായാണ് ഇത് ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

വിവാഹത്തിന് മുൻകൂർ ബുക്ക് ചെയ്തവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്‌ സമീപം തയാറാക്കിയിരിക്കുന്ന പന്തലിലെത്തി ടോക്കൺ കൈപ്പറ്റണം. ശേഷം വിവാഹത്തിനുളള സമയമാകുമ്പോൾ മണ്ഡപത്തിലേക്ക് എത്തണം. അതേസമയം ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

Comments (0)
Add Comment