ഡല്‍ഹി കലാപത്തില്‍ മരണം 34 ആയി ; 250 ലേറെ പേർക്ക് പരിക്ക് ; 106 പേർ അറസ്റ്റില്‍

Jaihind News Bureau
Thursday, February 27, 2020

ന്യൂഡല്‍ഹി : വടക്ക് കിഴക്കൻ ഡൽഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 34 ആയി. അക്രമ സാധ്യത കണക്കിലെടുത്ത് കലാപ മേഖലകളിൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഡൽഹി കലാപങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വടക്ക് കിഴക്കൻ ഡൽഹിയിൽ പൊലീസ്, കേന്ദ്ര സേന, അർധ സൈനിക വിഭാഗം ഉൾപ്പെടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നും സുരക്ഷ വിഭാഗങ്ങളുടെ പതാക മാര്‍ച്ച് ഉണ്ടാകും. അക്രമസംഭവങ്ങളില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും കലാപ മേഖലകൾ സന്ദർശിക്കും എന്നാണ് അറിവ്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഭജൻപുരയിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപ മേഖല സന്ദർശിച്ച് മടങ്ങി മണിക്കൂറുകൾക്കമാണ് ഭഗൻപുരയിൽ സംഘർഷം റിപ്പോർട്ട് ചെയ്തത്. വടക്ക് കിഴക്കൻ ഡൽഹിയിലെ സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിരുന്നു.

കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. മുന്നൂറിലേറെ പേര്‍ക്ക് അക്രമസംഭവങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടതെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം ഡൽഹി അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രകോപന പരമായ പ്രസ്താവനകൾ നടത്തിയ ബി.ജെ.പി നേതാക്കൾക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് അറിയിക്കാനാണ് ഹൈക്കോടതി ഡൽഹി പോലിസിനോട് ഇന്നലെ നിർദ്ദേശിച്ചത്. പോലീസിന്‍റെ പ്രവർത്തനങ്ങളിൽ ഹൈക്കോടതി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. കലാപത്തോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.