ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിനായി ചെലവഴിച്ചത് 31 ലക്ഷം; വിവരാവകാശ രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി ചെലവഴിച്ചത് 31 ലക്ഷം രൂപ. കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിർമാണത്തിനും ലിഫ്റ്റ് പണിയുന്നതിനുമായി 70 ലക്ഷത്തോളം രൂപയും നേരത്തെ അനുവദിച്ചിരുന്നു.

നീന്തൽക്കുളത്തിനായി 2016 മേയ് മുതൽ 31,92,360 ലക്ഷം രൂപ ചെലവഴിച്ചതായി ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ മറുപടിയില്‍ പറയുന്നു. കുളത്തിന്‍റെ നവീകരണത്തിനായി 18,06,789 രൂപ, റൂഫിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും പ്ലാന്‍റ് റൂമിന്‍റെ നവീകരണത്തിനുമായി 7,92,433 രൂപ, വാർഷിക മെയ്ന്‍റനൻസ് ഇനത്തില്‍ 5,93,142 രൂപ എന്നിങ്ങനെയാണ് ചെലവായതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. നിയമസഭയില്‍ നിരവധി തവണ ചോദ്യം വന്നിരുന്നെങ്കിലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇതിന് മറുപടി നല്‍കിയിരുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും നേരത്തെ ക്ലിഫ് ഹൗസിന്‍റെ ചുറ്റുമതില്‍ നവീകരണത്തിനും തൊഴുത്ത് നിർമാണത്തിനുമായി 42.50 ലക്ഷം രൂപയും ലിഫ്റ്റ് നിർമിക്കാനായി 25.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. രണ്ട് നില മാത്രമുള്ള ക്ലിഫ് ഹൗസിലാണ് ലിഫ്റ്റിനായി ലക്ഷങ്ങള്‍ അനുവദിച്ചത്. ക്ഷേമപെന്‍ഷന്‍ പോലും കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും ധൂർത്ത് കുറയ്ക്കാന്‍ സർക്കാർ തയാറാകാത്തത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

Comments (0)
Add Comment