വിവാദങ്ങളുടെ മുപ്പതാം പതിപ്പ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

Jaihind News Bureau
Friday, December 19, 2025

 

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിന്റെ തിളക്കവുമായി എത്തിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. അസാധാരണമായ വിലക്കുകളും പ്രതിഷേധങ്ങളും ഒടുവില്‍ കീഴടങ്ങലുകളും കണ്ട മുപ്പതാം എഡിഷനാണ് ഇന്ന് കൊടിയിറങ്ങുന്നത്. അവസാന ദിനമായ ഇന്ന് വിവിധ തിയേറ്ററുകളിലായി 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് ഇത്തവണ അസാധാരണമായ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. വിശ്വപ്രസിദ്ധമായ ‘ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍’ ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം സെന്‍സര്‍ ഇളവ് നിഷേധിച്ചതോടെയാണ് മേള പ്രതിസന്ധിയിലായത്. വിലക്കിയ ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചെങ്കിലും, കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ നിയമനടപടികള്‍ ഭയന്ന് കേരളം പിന്നോട്ട് പോയി. ഒടുവില്‍ ആറെണ്ണം ഒഴികെയുള്ളവയ്ക്ക് കേന്ദ്രം അനുമതി നല്‍കിയെങ്കിലും ബാക്കി സിനിമകളുടെ പ്രദര്‍ശനം മാറ്റിവയ്ക്കേണ്ടി വന്നു.

സെന്‍സര്‍ ഇളവിനായി അപേക്ഷ നല്‍കുന്നതില്‍ ചലച്ചിത്ര അക്കാദമി വരുത്തിയ വീഴ്ച മറയ്ക്കാനാണ് ഈ വികാരപ്രകടനങ്ങളെന്ന് മേളയുടെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ തന്നെ വിമര്‍ശിച്ചത് അക്കാദമിയെ പ്രതിരോധത്തിലാക്കി. മേളയുടെ ഏറിയ പങ്കും ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സ്ഥലത്തില്ലാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സമാപന സമ്മേളനത്തിന് മാത്രമായാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.

ഇന്ന് വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും. മേളയിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. വിവാദങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് സിനിമാ പ്രേമികള്‍ എത്തിയ മുപ്പതാം ഐഎഫ്എഫ്കെ എന്നും ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും.