രാജ്യത്ത് 30,948 പേർക്ക് കൊവിഡ്, 403 മരണം; 55 ശതമാനത്തില്‍ കൂടുതല്‍ കേരളത്തില്‍

Jaihind Webdesk
Sunday, August 22, 2021

 

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗികളിൽ പകുതിയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ 403 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,34,367 ആയി. രോഗമുക്തി നിരക്ക് 97.57 ശതമാനമാണ്.

രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 4,34,367 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,85,681 ടെസ്റ്റുകളാണ് രാജ്യത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയത്. രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,36,469 ആയി ഉയര്‍ന്നു. 1.34 ശതമാനമാണ് മരണനിരക്ക്.

അതേസമയം രാജ്യത്തെ കൊവിഡ് രോഗികളിൽ 55.27 ശതമാനം പേരും കേരളത്തിലാണ്. ഓണാവധി ദിവസങ്ങളിലെ ഇളവിന്‍റെ പ്രതിഫലനം കൂടിയുണ്ടായാല്‍ കേരളത്തിലെ കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും. അതേസമയം കൊവിഡ് പരിശോധനയും വാക്സിനേഷനും സംസ്ഥാനത്ത് മന്ദഗതിയിലാണെന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്.