കൊവിഡ്-19: രാജ്യത്ത് മരണം 308 ; ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ ഇന്ന്

രാജ്യത്തെ കൊവിഡ് മരണസംഖ്യ 308 ആയി. കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 9,152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 35 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 856 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍1895 ഉം ഡല്‍ഹിയില്‍1154 ഉം തമിഴ്നാട്ടിൽ 1014 ഉം കൊവിഡ് രോ​ഗികളാണുള്ളത്. ഇന്നലെ 96 പേ‍ർക്ക് കൂടി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 796 ആയി.

7 ദിവസം കൊണ്ട് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലധികം അയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഇന്നലെ 221 പേർക്കാണ് രോഗം സ്ഥിധികരിച്ചത്. 22 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. 208 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോ​ഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 179 പേ‍രാണ് ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ധാരാവിയിൽ ഡോർ ടു ഡോർ പരിശോധന പുരോഗമിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ള ഡൽഹിയിൽ അതീവ ജാഗ്രത തുടരുകയാണ്. ആയിരത്തിലേറെ കൊവിഡ് രോ​ഗികളുള്ള ദില്ലിയിൽ രോ​ഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേർക്ക് മാത്രമാണ് രോ​ഗം ഭേദമായത്.

അതേസമയം രാജ്യത്തെ ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട മാർഗ രേഖ ഇന്ന് ഉണ്ടാകും. അതീവ ഗുരുതരമല്ലാത്ത മേഖലകളിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം. 6 മാസത്തേക്ക് ജപ്തി നടപടികൾ നീട്ടിയേക്കും എന്നാണ് സൂചന.

Comments (0)
Add Comment