പതറാത്ത സമരവീര്യത്തിന്‍റെ 30 നാളുകള്‍

Jaihind News Bureau
Tuesday, March 11, 2025

പൊള്ളുന്ന വേനലിലും കോരിച്ചൊരിയുന്ന മഴയിലും പതറാത്ത മനസ്സുമായി ഒരു കൂട്ടം സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. കണ്ണില്ലാത്ത സര്‍ക്കാര്‍ അവര്‍ക്കു മുന്നില്‍ കൂടി പോക്കും വരവും നടത്തുമ്പോഴും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് കുടുംബം പോലും വിട്ട് അവര് അവിടെ സമരം തുടരുന്നതെന്ന് മനസ്സിലാക്കാന്‍ ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് പോലും കഴിയുന്നില്ലേ? കഴിഞ്ഞ ഫെബ്രുവരി 10 നാണ് ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. ഇന്നിപ്പോള്‍ ഒരു മാസം പിന്നിട്ടപ്പോഴും അവര്‍ അവിടെത്തന്നെയുണ്ട്. വരുന്ന തിങ്കളാഴ്ച ഉപരോധ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

ദിവസവേതനം 232 രൂപയില്‍ നിന്നും 700 രൂപയാക്കണമെന്നും, മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കണമെന്നും വിരമിക്കുമ്പോള്‍ വെറും കയ്യോടെ പറഞ്ഞു വിടാതെ പരിഗണിക്കണമെന്നും തുടങ്ങി ന്യായമായ ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിച്ചത്. അതില്‍ ഒരു തീരുമാനം എടുക്കാതെ ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പരസ്പരം പഴിചാരുകയാണ്. ഒപ്പം ആരോഗ്യമന്ത്രിയുടെ വക പൊള്ളയായ കണക്കുകളും. ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണത്രേ! മന്ത്രിയുടെ ഈ കണക്ക് പൊളിച്ചടുക്കിക്കൊണ്ടാണ് ഓരോ ദിനം കഴിയുംതോറും ആശമാര്‍ സമരം തുടരുന്നത്.

ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരവധി വനിതാ സംഘടനകളും രംഗത്ത് എത്തിയിരുന്നു. നിയമസഭ സമ്മേളനത്തിലും ആശമാരുടെ സമരം പ്രതിപക്ഷം എടുത്ത് കാട്ടി. വനിതാ ദിനത്തില്‍ ഇന്ത്യയുടെ നാനാ തുറകളില്‍ നിന്നുമുള്ളവര്‍ ആശമാര്‍ക്കൊപ്പം അണിച്ചേര്‍ന്ന് മഹാസംഗമം നടത്തി. ഇതൊന്നും സര്‍ക്കാരിന്റെ രോമത്തില്‍ പോലും ഏറ്റിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. എന്തായാലും ആശമാരുടെ സമരം ഒരു ഏടായി ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് ഉറപ്പാണ്.