വഴിയില്‍ നിന്നു കിട്ടിയ മദ്യം കുടിച്ച് ഇടുക്കിയില്‍ 3 യുവാക്കള്‍ക്ക് അസ്വസ്ഥത; ഒരാളുടെ നില ഗുരുതരം

Jaihind Webdesk
Sunday, January 8, 2023

ഇടുക്കി : അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതിൽ കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

അടിമാലി അപസരക്കുന്ന് വച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യകുപ്പി ലഭിച്ചത്. ഇയാൾ ആ കുപ്പിയുമായി യുവാക്കളുടെ അടുത്തേക്ക് എത്തുകയും ഇവർക്ക് നൽകുകയുമായിരുന്നു. മൂവരും മദ്യം കഴിച്ചയുടൻ തന്നെ ഛർദി തുടങ്ങി.