കരിപ്പൂർ വിമാന അപകടത്തിന് 3 വയസ്; കേന്ദ്ര സർക്കാരിന്‍റെ നഷ്ടപരിഹാര തുക ഇതുവരെ നല്‍കിയില്ല

Jaihind Webdesk
Monday, August 7, 2023

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിന് ഇന്നേക്ക് 3 വയസ്. 2020 ഓഗസ്റ്റ് ഏഴിന് നടന്ന വിമാന അപകടത്തില്‍ 21 പേർ മരിക്കുകയും, 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ മരണപ്പെട്ടവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും, പരിക്ക് പറ്റിയവർക്കുള്ള നഷ്ടപരിഹാര തുകയും ഇത് വരെ കിട്ടിയിട്ടില്ല.

2020 ഓഗസ്റ്റ് ഏഴിന് രാത്രി ഏഴരയോടെയാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് 21 പേര്‍ മരിച്ചത്. 169 പേര്‍ക്ക് പരുക്കേറ്റു. 184 യാത്രക്കാരും ആറ് വിമാന ജീനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാപ്റ്റൻ,
സഹപൈലറ്റ് എന്നിവരും അപകടത്തിൽ മരിച്ചു. പരിക്കേറ്റേ പലരും ഇന്നും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നഷ്ട പരിഹാരം ലഭിച്ചെങ്കിലും, മരണപ്പെട്ടവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്ക് പറ്റിയവർക്കുള്ള നഷ്ടപരിഹാര തുകയും ഇത് വരെ കിട്ടിയിട്ടില്ല . പരിക്ക് പറ്റിയ യാത്രക്കാരുടെ ചികിത്സ സംസ്ഥാന സർക്കാർ ഏറ്റതാണ്. എന്നാൽ ഇത് വരെ അതും ലഭിച്ചിട്ടില്ല. നൂറോളം യാത്രക്കാർ ഇപ്പോഴും വലിയ തരത്തിലുള്ള ചികിൽസക്ക് വിധേയരായി കൊണ്ടിരിക്കയാണ്.

വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടകാരണം. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്‍റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. അപകടം സംഭവിച്ച രാത്രി കരിപ്പുരിന്‍റെ ചിറകരിഞ്ഞ് വലിയ വിമാനങ്ങളുടെ സർവ്വീസ് കേന്ദ്ര സർക്കാർ പിൻവലിച്ചു. 3 വർഷം കഴിഞ്ഞിട്ടും സർവീസ് പുന:സ്ഥാപിച്ചില്ല. അപകടം നടന്നത് വിമാനതവളത്തിന്‍റെ  പ്രശ്നം കൊണ്ടല്ലന്നും പൈലറ്റിന്‍റെ പിഴവ് കാരണമാണെന്നുമുള്ള എല്ലാ അന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിട്ടും പല കാരണങ്ങൾ പറഞ്ഞ് വിമാനതാവളത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നു വരുന്നു