കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

Jaihind Webdesk
Thursday, August 11, 2022

Ceasefire Violation

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. സൈനിക ക്യാമ്പ് ലക്ഷ്യം വെച്ച രണ്ട്  ഭീകരരെ വധിച്ചു. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.

ഇന്ന് പുലർച്ചെയോടെയാണ് രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്‍റെ വേലി ചാടിക്കടക്കാന്‍ ശ്രമിച്ചത് കാവല്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു.  ഇതോടെ തിരിച്ചടിച്ച സൈന്യം രണ്ട് ഭീകരരെയും വധിച്ചു.

കൂടുതൽ ഭീകരര്‍ ഉണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സൈന്യം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തീവ്രവാദ ആക്രമണ ശ്രമങ്ങളാണ് മേഖലയിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് പുല്‍വാമയില്‍ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണിപ്പോള്‍ സൈനിക ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.