ലോ കോളേജിൽ KSU യൂണിറ്റ് ഭാരവാഹിക്ക് മർദ്ദനം; 3 SFI നേതാക്കൾ കസ്റ്റഡിയിൽ

Jaihind News Bureau
Saturday, January 25, 2020

തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയെ മർദ്ദിച്ച 3 എസ് എഫ് ഐ നേതാക്കൾ കസ്റ്റഡിയിൽ. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി യാമിൻ മുഹമ്മദിനെയാണ് എസ് എഫ് ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ചത്. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലാണ്.

പട്ടം മുറിഞ്ഞപാലത്തിനു സമീപമുള്ള സുഹൃത്തുക്കളുടെ വീട്ടിലെത്തിയ യാമിനെ എസ് എഫ് എഫ് ഐ നേതാക്കാൾ പിന്തുടർന്നെത്തി മർദ്ദിക്കുകയായിരുന്നു. കെ എസ് യു യൂണിറ്റ് ഭാരവാഹിയായ യാമിന്‍റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. യാതൊരു പ്രകോപനവും കൂടാതെയാണ് എസ് എഫ് ഐ നേതാക്കളുടെ മർദ്ദനമെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറയുന്നു.

സംഭവത്തിൽ കോളേജിലെ എസ് എഫ് ഐ നേതാക്കളായ അനന്തകൃഷ്ണൻ, നിഖിൽ, ഗോകുൽ എന്നിവരെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ നേതൃത്വം മുൻപും ഇത്തരത്തിൽ അക്രമങ്ങൾ നടത്തിയിരുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരിക്കേറ്റ യാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.