ഐ എസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്ന് മലയാളികളെ കൂടി എൻ.ഐ.എ പ്രതി ചേർത്തു.അതേസമയം റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായ റിയാസ് അബൂബക്കറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻ.ഐ.എ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കരുനാഗപള്ളി സ്വദേശി മുഹമ്മദ് ഫൈസൽ, കാസർഗോഡ് സ്വദേശി അബൂബക്കർ സിദ്ധീഖ്, കാസർഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് അറഫാസ് എന്നിവരെയാണ് എൻ ഐ എ കേസിൽ പ്രതി ചേർത്തത്. പ്രതി പട്ടികയിൽ ഉൾപ്പെട്ട മൂന്ന് പേരും ഐഎസ് നെ ഇന്ത്യയിൽ ശക്തമാക്കാൻ പ്രവർത്തിച്ചിരുന്നെന്ന് എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സിറിയയിൽ പ്രവർത്തിക്കുന്ന ഐ എസ് ഭീകരൻ അബ്ദുൾ റാഷിദുമായി ഇവർ മൂന്ന് പേരും ഇതേ കുറിച്ച് വിശദമായ ചർച്ച നടത്തിയതായും പ്രവർത്തനം ശക്തമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. എൻ.ഐ എ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇവരെ ഉടൻ തന്നെ ചോദ്യം ചെയ്യാനും ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളടക്കം വിശദമായി പരിശോദിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കുന്ന എൻഐഎ സംഘം മൂന്ന് പേരെ കൂടി പ്രതിചേർത്തത് കൃത്യമായ വിവരങ്ങൾ ലഭ്യമായതിനെ തുടർന്നാണ്. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയതിന്റെ സൂത്രധാരൻ സഫ്രാൻ ഹാഷിമുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്ന് നേരത്തെ ചോദ്യം ചെയ്യലിൽ റിയാസ് അബൂക്കർ സമ്മതിച്ചിരുന്നു.
സ്ഫോടനത്തിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ ആവശ്യപെടുന്നത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ പ്രതി പട്ടികയിലുള്ള മറ്റുള്ളവരുടെ പങ്ക് കൂടി വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.