മലപ്പുറം വട്ടപ്പാറ വളവില്‍ വീണ്ടും അപകടം; ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു

 

മലപ്പുറം: വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് 3 പേർ മരിച്ചു. മരിച്ച മൂന്നുപേരും ലോറിയിൽ ഉണ്ടായിരുന്നവരാണ്. അമിത വേഗതയിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് 30 അടി താഴ്ചയിലേക്ക് ലോറി മറിയാനുള്ള കാരണം. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

വളാഞ്ചേരി ദേശീയപാത 66 ലെ വട്ടപ്പാറയിൽ രാവിലെ ഏഴരയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും സവാള ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി ശരത്, ചാലക്കുടി സ്വദേശികളായ ഉണ്ണികൃഷ്ണൻ, ലോറി ഉടമയുടെ മകൻ അരുൺ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മരിച്ച ശരത്തിനുവേണ്ടി തമിഴ്നാട്ടിൽ നിന്നും സവാള എടുത്ത് പാലക്കാട്ടേക്ക് വരുന്ന വഴിയാണ് ലോറി അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പ്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്നു പേരും കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്നു പേരുടേയും മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Comments (0)
Add Comment