മുണ്ടക്കൈയിൽ ഇന്ന് 3 ശരീരഭാഗങ്ങൾ കണ്ടെത്തി; ജനകീയ തിരച്ചിലിന് തിരിച്ചടിയായി കനത്ത മഴ, തിരച്ചില്‍ നിർത്തി

Jaihind Webdesk
Sunday, August 11, 2024

 

വയനാട്/ മുണ്ടക്കൈ:  വയനാട് മുണ്ടക്കൈയിൽ തിരിച്ചടിയായി കനത്ത മഴ. ഇന്ന് നടന്ന രണ്ടാം ഘട്ട തിരച്ചില്‍ അവസാനിപ്പിച്ചു.  ഇന്നത്തെ ജനകീയ തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ഇന്നും ശരീരഭാ​ഗങ്ങൾ കണ്ടെടുത്തത്. അതിനാല്‍ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ്  ഇന്ന് ജനകീയ തിരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കായിരുന്നു തിരച്ചില്‍ ആരംഭിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.