ഇന്ധനവില : ഒറ്റ വര്‍ഷം കൊണ്ട് നികുതിയിനത്തില്‍ കേന്ദ്രം നേടിയത് 3.35 ലക്ഷം കോടി രൂപ; 88 ശതമാനത്തിന്‍റെ വര്‍ധന

 

ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവിലൂടെ ഒറ്റവര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ. മുന്‍ വര്‍ഷത്തെക്കാള്‍ 88 ശതമാനം അധികമാണിത്. ലോക്‌സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നികുതി വരുമാനം 1.01 ലക്ഷം കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. കോവിഡ് ലോക്ക്ഡൗണ്‍ മൂലം വാഹനഗതാഗതം കുറഞ്ഞിരുന്നില്ലെങ്കില്‍ വരുമാനം ഇനിയും ഉയരുമായിരുന്നു. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോഴും അതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ തീരുവ വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 19.98 രൂപയില്‍ നിന്ന് 32.9 രൂപയും ഡീസലിന് 15.83 രൂപയില്‍ നിന്ന് 31.8 രൂപയുമായാണ് വര്‍ധിപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. കുതിച്ചുയരുന്ന ഇന്ധനവിലയിലൂടെ കേന്ദ്രസര്‍ക്കാര്‍  കോടികള്‍ വാരുമ്പോള്‍ കൊവിഡില്‍ വലയുന്ന ജനം കൂടുതല്‍ ദുരിതത്തിലാവുകയാണ് ഓരോ ദിനവും.

 

 

Comments (0)
Add Comment