കാബൂളിൽ കാര്‍ ബോംബ് സ്‌ഫോടനവും തുടര്‍ അക്രമങ്ങളിലും 29 പേർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർ ഉൾപ്പെടെ 23ലേറെ പേർക്ക് പരിക്ക്. മന്ത്രാലയവും മറ്റ് സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. സർക്കാർ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരിലേറെയും എന്ന് മന്ത്രാലയാധികൃതർ വിശദികരിച്ചു.
സ്‌ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തിയ ചാവേർ ബഹുനിലക്കെട്ടിടത്തിന് മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചതിന് പിന്നാലെ തോക്കുധാരികളായ മൂന്ന് പേർ കെട്ടിടത്തിനുള്ളിലേയ്ക്ക് അതിക്രമിച്ചു കടന്ന് വെടിയുതിർക്കുകയായിരുന്നു. ഇവരുടെ കയ്യിൽ റൈഫിളുകളും മാരക സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉണ്ടായിരുന്നു. വെടിയുതിർത്തും സ്‌ഫോടങ്ങൾ നടത്തിയും 8 മണിക്കൂറോളം ഓഫീസ് കോംപ്ലക്‌സ് തകർത്തും ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തിയും അക്രമികൾ നിയന്ത്രണത്തിലാക്കി. ഇവരിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ച 375 ഓളം ജീവനക്കാരെ പൊലീസ് രക്ഷപ്പെടുത്തി.
അഞ്ചോളം പൊട്ടിത്തെറികൾ കേട്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു. മരിച്ചവരിൽ ഒരു പൊലീസുകാരനും ഒരു സ്ത്രീയും ഉൾപ്പെടുന്നു.