മൂന്നാം മോദി സര്‍ക്കാരിലെ 28 മന്ത്രിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവർ; സ്ത്രീകള്‍ക്കെതിരായ അതിക്രമം, വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍: എഡിആർ റിപ്പോർട്ട്

Jaihind Webdesk
Wednesday, June 12, 2024

 

ന്യൂഡല്‍ഹി: ബേഠി ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ മൂന്നാം മോദി സര്‍ക്കാരിലെ 28 മന്ത്രിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 19 പേര്‍ കൊലപാതകശ്രമം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വിദ്വേഷ പ്രസംഗം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.  ഏറ്റവും രൂക്ഷമായ ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 307 പ്രകാരം വധശ്രമവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. തുറമുഖം, ഷിപ്പിംഗ് എന്നിവയുടെ സഹമന്ത്രി ശന്തനു താക്കൂര്‍, വിദ്യാഭ്യാസ വികസന സഹമന്ത്രി സുകാന്ത മജുംദാര്‍ എന്നിവരാണ് ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് എഡിആര്‍ അറിയിച്ചു.

അഞ്ച് മന്ത്രിമാര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളുണ്ടെന്നും എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാര്‍, താക്കൂര്‍, മജുംദാര്‍, കേരളത്തിലെ ബിജെപിയുടെ ഏക എംപി സുരേഷ് ഗോപി ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാം എന്നിവരാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍. കൂടാതെ, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളില്‍ എട്ട് മന്ത്രിമാരെയാണ് പ്രതിച്ചേര്‍ത്തിട്ടുള്ളത്. മോദി മന്ത്രിസഭയിലെ 71 മന്ത്രിമാരില്‍ 28 പേരും വിവിധ ക്രിമിനല്‍ കേസുകളിലുള്ളവരാണ്. ഓരോ പെണ്‍കുഞ്ഞിന്റെയും പിറവി ആഘോഷമാക്കണമെന്നു പറഞ്ഞ മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലെ പ്രതിയാണെന്നതാണ് ശ്രദ്ധേയം.

മോദി സർക്കാരില്‍ കുടുംബവാഴ്ചയാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നതെന്നും 20 മന്ത്രിമാരുടെ പട്ടിക സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രാഹുൽ വിമർശിച്ചു.  ഇതിനു തൊട്ടുപിന്നാലെ ‘മോദി കാ പരിവാര്‍’ (മോദിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് പ്രവർത്തകരോട്  മോദി ആവശ്യപ്പെട്ടു. മൂന്നാം മോദി മന്ത്രിസഭയിലെ നാല്പത് ശതമാനത്തോളം പേരും വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന എഡിആര്‍ റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.