ഇന്ന് ലോക വനിതാ ദിനം. ഈ ദിനത്തില്‍ ഒരു പറ്റം വനിതകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുകയാണ്. വെയിലും മഴയും കൊണ്ട് 27 ദിനങ്ങളായി അവര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കണ്മുന്നില് സമരം തുടങ്ങിയിട്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതിലുപരി അങ്ങനെ കുറച്ചു മനുഷ്യര്‍ അവിടെ ഉണ്ടെന്ന് പോലും സര്‍ക്കാര്‍ കരുതുന്നില്ല. ഒപ്പം പാര്‍ട്ടി നേതാക്കളുടെ വക അധിക്ഷേപങ്ങള്‍ മറ്റൊരു വശത്ത്. മഹാസംഗമമായി ആശാവര്‍ക്കര്‍മാര്‍ക്ക് സമരം ശക്തമാക്കാന്‍ ഇതിലും നല്ലൊരു ദിവസം വേറെ ഉണ്ടാകില്ല.
സേവന വേതന പരിഷ്കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇരുപത്തിയേഴാം ദിനത്തിലേക്ക് കടന്നു. സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടില്‍ പ്രതിഷേധിച്ച് വിവിധ വനിതാ സംഘടനകള്‍ ഇന്ന് മഹാസംഗമത്തില്‍ അണിനിരക്കും. സമരം കൂടുതല്‍ ശക്തമാക്കുവാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളം ഏറ്റവും കൂടുതല്‍ തുകയാണ് ആശമാര്‍ക്ക് നല്‍കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ ന്യായീകരണം. ശമ്പളത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇപ്പോഴും തര്‍ക്കത്തിലാണെന്ന് പറയുന്നു. ഇനി തര്‍ക്കങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും സമയമില്ല. ദിനങ്ങള്‍ കഴിയും തോറും ശക്തിയാര്‍ജിച്ചു വരികയാണ് ആശമാര്‍. ആശമാരുടെ സമരത്തെ ഒരു മുന്നറിയിപ്പായി കാണണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പോലും ചര്‍ച്ചയായെങ്കില്‍ കേരള സര്‍ക്കാര്‍ ആശമാരെ ഭയന്നു തുടങ്ങി എന്ന് ഉറപ്പ്. ഈ ദിനത്തില്‍ ആശമാര്‍ അടങ്ങുന്ന വനിതകള്‍ക്ക് ആശംസകള്‍.