ഇടുക്കിയില്‍ അനധികൃത ട്രെക്കിംഗിനിടെ മലമുകളില്‍ കുടുങ്ങി 27 ജീപ്പുകള്‍; വില്ലനായത് കനത്ത മഴ

Jaihind Webdesk
Saturday, July 13, 2024

 

ഇടുക്കി: നെടുങ്കണ്ടത്ത് പുഷ്പകണ്ടം നാലുമലയിൽ അനധികൃത ട്രെക്കിംഗ് നടത്തിയ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങൾ കനത്ത മഴയില്‍ കുടുങ്ങി. കർണാടകയിൽ നിന്നും ഓഫ് റോഡ് ട്രെക്കിംഗിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ എത്തിയ സംഘം ശക്തമായ മഴയില്‍ ചെങ്കുത്തായ മലയില്‍ അകപ്പെട്ടത്.

സഹായം അഭ്യർത്ഥിച്ച് എത്തിയ വിനോദസഞ്ചാരികളെ രാത്രി നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കൽമേട്ടിലേക്ക് മാറ്റിയത്. ചില വാഹനങ്ങൾ കയർ കെട്ടി നിർത്തിയ നിലയിലാണ്. 40 അംഗ സംഘമാണ് ട്രെക്കിംഗിനായി എത്തിയത്. ഇരുവശങ്ങളും ചെങ്കുത്തായ മലയിലൂടെ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചുകയറ്റിയത്. മഴ പെയ്തതോടെ വാഹനം തിരിച്ചിറക്കാന്‍ കഴിയാതെയായി. തുടർന്ന് വാഹനം ഉപേക്ഷിച്ച് താഴ്വാരത്തേക്ക് പോരുകയായിരുന്നു. റെവന്യൂ ഭൂമിയിലൂടെയായിരുന്നു അനധികൃത ട്രെക്കിംഗ്. കർണാടക, തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങളാണ് ഏറെയും. മോട്ടോർ വാഹന വകുപ്പ് അധികൃതരും പോലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.