കോഴിക്കോട്: വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് 17 കോടിയോളം രൂപയുടെ സ്വർണ്ണം നഷ്ടമായ സംഭവത്തിൽ മുൻ ബാങ്ക് മാനേജർ കസ്റ്റഡിയില്‍. തെലങ്കാനയിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം മധ ജയകുമാറിനെ കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളിലും ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചിൽ നടത്തിയിരുന്നു. തെലങ്കാന പോലീസിന്‍റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലീസിന്‍റെ അന്വേഷണ സംഘം തിരിച്ചു.
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിലാണ് നിർണായക നടപടി. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫീസിൽ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് പരിശോധിക്കുക. എല്ലാത്തിനും പിന്നിൽ സോണൽ മാനേജറാണെന്നും കാർഷിക വായ്പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്നും ഒരു വീഡിയോയിലൂടെ മുന്‍ മാനേജർ മധ ജയകുമാർ ആരോപിച്ചിരുന്നു. ഈ വീഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇവിടുത്തെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് മധ ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെയും പോലീസ് ചോദ്യം ചെയ്യും. മധ ജയകുമാറിന്‍റെ അറസ്റ്റോടെ തട്ടിപ്പുമായ ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.