ന്യൂഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ തഹവ്വുര്‍ ഹുസൈന്‍ റാണയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 13 വരെ ദില്ലി കോടതി നീട്ടി. കഴിഞ്ഞ ഏപ്രിലില്‍ യുഎസില്‍ നിന്ന് ഇന്ത്യക്ക് കൈമാറിയ റാണയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ ഹാജരാക്കിയത്. റാണയുടെ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പ്രത്യേക ജഡ്ജി ചന്ദര്‍ ജിത് സിംഗ് പുറപ്പെടുവിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് റാണയ്‌ക്കെതിരെ എന്‍ഐഎ ഒരു പുതിയ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. ഓഗസ്റ്റ് 13-ന് കോടതി ഈ അനുബന്ധ കുറ്റപത്രം പരിഗണിക്കും. കുടുംബവുമായി ഫോണില്‍ സംസാരിക്കാന്‍ അനുവാദം തേടി റാണ സമര്‍പ്പിച്ച അപേക്ഷ ജൂലൈ 15-ന് കോടതി പരിഗണിക്കും.
പാകിസ്താന്‍-കനേഡിയന്‍ പൗരനായ റാണ, 26/11 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത സഹായിയാണ്. ഹെഡ്ലി ഒരു അമേരിക്കന്‍ പൗരനാണ്. യുഎസ് സുപ്രീം കോടതി ഏപ്രില്‍ 4-ന് റാണയുടെ കൈമാറ്റത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇയാളെ ഇന്ത്യക്ക് കൈമാറിയത്.
2008 നവംബര്‍ 26-നാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ 10 പാകിസ്താനി ഭീകരര്‍ ആക്രമണം നടത്തിയത്. പാക്കിസ്ഥാന്റെ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്ന മൊഴികളാണ് റാണയില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ്് പുറത്തു വന്ന വിവരം. കടല്‍ മാര്‍ഗ്ഗം നഗരത്തിലേക്ക് നുഴഞ്ഞുകയറിയ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരര്‍ ഒരു റെയില്‍വേ സ്റ്റേഷന്‍, രണ്ട് ആഢംബര ഹോട്ടലുകള്‍, ഒരു ജൂത കേന്ദ്രം എന്നിവിടങ്ങളില്‍ ഏകോപിതമായ ആക്രമണം നടത്തി. ഏകദേശം 60 മണിക്കൂറോളം നീണ്ട ഈ ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. ദേശീയ സുരക്ഷാ ഗാര്‍ഡ് കമാന്‍ഡോകളാണ് ആക്രമണം അവസാനിപ്പിച്ചത്. ജീവനോടെ പിടികൂടിയ ഏക ഭീകരനായ അജ്മല്‍ കസബിനെ 2010 മെയ് മാസത്തില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തതിനും മറ്റ് കുറ്റങ്ങള്‍ക്കും ശിക്ഷിച്ചു. 2012 നവംബറില്‍ കസബിനെ തൂക്കിലേറ്റി.