വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോര്‍ട്ട്.. സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായുള്ള വിഭാഗമാണു സ്വര്‍ണം കാണാതായ വിവരം കണ്ടെത്തിയത്.
തിരുവാഭരണം രജിസ്റ്ററിലെ കണക്കുകളും സ്‌ട്രോങ് റൂമിലെ സ്വര്‍ണത്തിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. 199 സ്വര്‍ണ ഉരുപ്പടികളിലായി ആകെ 3247.900 ഗ്രാം സ്വര്‍ണം ഉണ്ടാകണം എന്നാണ് തിരുവാഭരണം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, വൈക്കം ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 199 സ്വര്‍ണ ഉരുപ്പടികളും വെള്ളി ഇനങ്ങളും അടങ്ങിയ പൊതികളില്‍ പൊതുവായി എഴുതിയിരുന്ന ആകെ തൂക്കം 2992.070 ഗ്രാം മാത്രമായിരുന്നു. ഈ കണക്കനുസരിച്ച്, 255.830 ഗ്രാം സ്വര്‍ണമാണ് കാണാതായത് എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും, ഇതുവരെയും വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. സ്വര്‍ണം കാണാതായ സംഭവം ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയിലേക്കും ഗുരുതരമായ ക്രമക്കേടുകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.