ജമ്മു കശ്മീരിൽ വീണ്ടും സൈനിക വിന്യാസം

ജമ്മു കശ്മീരിൽ വീണ്ടും സൈനിക വിന്യാസം. 10000 സൈനികരെ വിന്യസിച്ച് ഒരാഴ്ച പിന്നിടും മുമ്പ് 25,000 സൈനികരെ കൂടി വിന്യസിക്കാൻ കേന്ദ്രം തീരുമാനിച്ചു. പാരാമിലിട്ടറി അംഗങ്ങളെയാണ് താഴ്വരയിൽ വിന്യസിക്കുന്നത്. ഇന്നലെ രാവിലെ മുതൽ സൈനികർ എത്തിത്തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ് കേന്ദ്രം വിന്യസിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചമർത്തുക ലക്ഷ്യം എന്നാണ് ഔദ്യോഗിക വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജമ്മു കശ്മീരിൽ സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. സർക്കാർ രാജിവച്ചതിനാൽ ജമ്മു കശ്മീർ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ്.

ജമ്മു കശ്മീരിൽ സൈനികരുടെ എണ്ണം കുറവാണെന്നും ഇതിനാലാണ് കൂടുതൽ സൈനികരെ വിന്യസിക്കുന്നത് എന്നുമാണ് കഴിഞ്ഞ ആഴ്ച ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞത്. തിടുക്കത്തിലുണ്ടായ സൈനിക വിന്യാസം താഴ്വരയിൽ യുദ്ധമടക്കമുള്ള പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിട്ടുണ്ട്.

ജമ്മു കശ്മീരിനു വേണ്ടിയുള്ള ആർട്ടിക്കിൾ 35 എ റദ്ദു ചെയ്യാൻ നീക്കമില്ലെന്നു കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു. എന്നിരുന്നാലും കേന്ദ്രം പാർലമെൻറിൽ തുടർച്ചയായി നിയമഭേദഗതികൾ വരുത്തുന്ന സാഹചര്യത്തിൽ ഈ സാധ്യതയും തള്ളിക്കളയുന്നില്ല.

Jammu-Kashmir
Comments (0)
Add Comment