മലയാളത്തിന്‍റെ പ്രണയ സങ്കീർത്തനത്തിന് ഇരുപത്തിയഞ്ച് വയസ്

Jaihind News Bureau
Tuesday, September 3, 2019

മലയാളത്തിന്‍റെ പ്രണയ സങ്കീർത്തനത്തിന് ഇരുപത്തിയഞ്ച് വയസ്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ പ്രസിദ്ധീകരിച്ച് കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും വായനക്കാരന് കൃതിയോടുള്ള പ്രിയമേറെയാണ്. നോവലിന്‍റെ രജത ജൂബിലി ആഘോഷം തിരുവനന്തപുരത്ത് കെപിസിസി വിചാർ വിഭാഗിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

പതിറ്റാണ്ടുകൾപ്പുറമുള്ള ഒരെഴുത്തുകാരന്‍റെ ജീവിതത്തിലെ ഹ്രസ്വമായ ഒരു ഘട്ടം ആവിഷ്‌കരിച്ച മലയാളത്തിലെ പ്രിയ നോവലാണ് പെരുമ്പടവം ശ്രീധരന്‍റെ ‘ഒരു സങ്കീർത്തനം പോലെ. മലയാള നോവൽസാഹിത്യ ചരിത്രത്തിലെ തന്നെ മഹാദ്ഭുത കൃതി. പ്രസിദ്ധീകരിച്ച് 25 വർഷങ്ങൾ പിന്നിടുമ്പോഴേക്കും വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലധികം കോപ്പികൾ. വയലാർ അവാർഡുൾപ്പെടെ നിരവധി ശ്രേഷ്ഠ പുരസ്‌കാരങ്ങളും. ജനങ്ങൾ ഏറെ ഇഷ്ടപ്പെട്ട് നൽകിയ അംഗീകാരം തന്നെയാണ് കാൽ നൂറ്റാണ്ടുകൾക്കിപ്പുറവും നോവലിനു ലഭിക്കുന്ന സ്വീകാര്യത. മനുഷ്യ മനസുകളിൽ ഇടം പിടിക്കുന്ന ഹൃദ്യമായ വാക്കുകൾ പെരുമ്പടവം എന്ന എഴുത്തുകാരന്‍റെ സവിശേഷതയാണ്.

മനുഷ്യ ജീവിതത്തിലെ ഒടുങ്ങാത്ത ദുരിതങ്ങളുടെ കഥയാണ് ദസ്തയേവ്‌സ്‌കി എന്ന എഴുത്തുകാരന്‍റെ ജീവിതത്തിലൂടെ താൻ വായനക്കാർക്ക് മുന്നിലെത്തിച്ചതെന്ന് പെരുമ്പടവം.

വായനക്കാരുടെ മനസറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് പെരുമ്പടവമെന്ന് ശശി തരൂർ എം പി

ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്‍റെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കെപിസിസി വിചാർ വിഭാഗിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.