കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. 25 ഓളം എംഎല്‍എമാര്‍ തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എംപി അഭിഷേക് ബാനര്‍ജി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം പാര്‍ട്ടി വിട്ട് പോയവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നാല് ബിജെപി എംഎല്‍എമാര്‍ ഇതുവരെ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്.
ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയ് ആണ് ഇതില്‍ പ്രമുഖന്. റോയ് ബിജെപി വിട്ടതോടെ അദ്ദേഹത്തിന്റെ അനുയായികളും തൃണമൂലിലെത്തിയിട്ടുണ്ട്. നിലവില്‍ 71 എംഎല്‍എമാരാണ് ബംഗാള്‍ നിയമസഭയില്‍ ബിജെപിയ്ക്കുള്ളത്. ബിജെപി എംഎല്‍എമാരെ തൃണമൂലിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
28 എംഎല്‍എമാരും എംഎല്‍എമാരല്ലാത്ത 10 പാര്‍ട്ടി നേതാക്കളും തൃണമൂലിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എംപി സൗഗത റോയ് പറയുന്നു. ‘പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവരെ തീര്‍ച്ചയായും സ്വാഗതം ചെയ്യും. മമതയ്ക്ക് കീഴില്‍ ബംഗാള്‍ വളരുകയാണ്. ബംഗാളിനെ ലോകത്തിന് മുന്നില്‍ ഒന്നാമതാക്കാന്‍ മമതയ്ക്ക് കീഴില്‍ എല്ലാവരും അണിനിരക്കും,’ സൗഗത റോയ് പറഞ്ഞു.