മുറിച്ചുകടത്തിയത് 2419 മരങ്ങള്‍, നടന്നത്144 കോടി രൂപയുടെ വനം കൊള്ളയെന്ന് വിജിലന്‍സ് റിപ്പോർട്ട്

Jaihind Webdesk
Saturday, August 14, 2021

 

തിരുവനന്തപുരം : വനംകൊള്ളയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോർട്ട് പുറത്ത്. സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായി റിപ്പോർട്ട് പറയുന്നു.  വനം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിലാണ് വനം കൊള്ള സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

2248 തേക്കും 121 ഈട്ടിയും ഉള്‍പ്പെടെ 2419 മരമാണ് മുറിച്ച് കടത്തിയതെന്ന് റിപ്പോർട്ടിലുണ്ട്. വിവാദ ഉത്തരവിനെ മറയാക്കി വ്യാപക വനംകൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. കൂടുതല്‍ മരങ്ങള്‍ വെട്ടിയിരിക്കുന്നത് എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നാണ്. നേര്യമംഗലം റേഞ്ചില്‍ 643 മരങ്ങലാണ് വെട്ടിയതെന്നും വനം വിജിലന്‍സിന്‍റെ പ്രത്യേക അന്വേഷണസംഘം തയാറാക്കിയ റിപ്പോർട്ടിലുണ്ട്.

ഭൂരഹിതരായവർക്ക് സർക്കാർ അനുവദിച്ച ഭൂമിയിലെ മരംമുറിയാണ് മുട്ടിൽ മരംകൊള്ള പുറത്തുവന്നതോടെ വന്‍ വിവാദമായത്. ഇതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ വിവാദ ഉത്തരവിന്‍റെ ചുവടുപിടിച്ച് നടന്ന വനംകൊള്ള ഒന്നൊന്നായി പുറത്തുവന്നു. മൂന്ന് തരം പട്ടയങ്ങളാണ് നിലവിലുള്ളത് ജന്മം പട്ടയം, ലാന്‍ഡ് ട്രിബ്യൂണൽ പട്ടയം, ലാന്‍ഡ് അസൈൻമെന്‍റ് പട്ടയം. ഇതിൽ ലാന്‍ഡ് അസൈൻമെന്‍റ് പട്ടയം അഥവാ, 1960 ലെ ലാന്‍ഡ് അസൈൻമെന്‍റ് ആക്ട് പ്രകാരം നൽകിയ പട്ടയ ഭൂമിയിലെ മരങ്ങളാണ് കൊള്ളചെയ്യപ്പെട്ടത്.