ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; പണിമുടക്കിൽ പങ്കെടുക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി കേന്ദ്ര സർക്കാർ

Jaihind News Bureau
Wednesday, January 8, 2020

തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അർധരാത്രി ആരംഭിച്ച പണിമുടക്കിൽ 25 കോടി പേർ പങ്കെടുക്കും. പിന്തുണയുമായി കർഷകർ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദും തുടരുകയാണ്

അതേസമയം, ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്കിൽ പങ്കെടുക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ ഭീഷണി. ജീവനക്കാർ പണിമുടക്കിനെ സഹായിക്കുന്ന നിലപാടുകളെടുക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

നരേന്ദ്രമോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരേ നടത്തുന്ന പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവൻസും പിടിച്ചുവയ്ക്കുന്നതുൾപ്പെടെ മറ്റ് അച്ചടക്ക നടപടികൾ അടക്കമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ ഭീഷണി. ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് അർധരാത്രി 12 മുതലാണ് ആരംഭിച്ചത്. തൊഴിലാളികളും കർഷകരും വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ 30 കോടിയോളം പേർ ഇതിനോടകം പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് 175 കർഷക, കർഷകത്തൊഴിലാളി യൂണിയനുകൾ ഗ്രാമീൺബന്ദ് ആചരിക്കുകയാണ്. അറുപതോളം വിദ്യാർഥി സംഘടനകളും വിവിധ സവകലാശാലാ യൂണിയൻ ഭാരവാഹികളും പിന്തുണ അറിയിച്ചു. പണിമുടക്ക് കേരളത്തിൽ സമ്പൂർണമാണെന്നാണ് നിലവിലെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.