ASHA WORKERS PROTEST| ആശാസമരം 227 ദിവസങ്ങള്‍; ഒക്ടോബര്‍ 22ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ ആശമാര്‍

Jaihind News Bureau
Tuesday, September 23, 2025

ആശാ സമരം എട്ടു മാസത്തോടടുത്തിട്ടും ഡിമാന്റുകള്‍ അംഗീകരിച്ചു ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെ ഒക്ടോബര്‍ 22ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആശമാര്‍ അറിയിച്ചു.

തികച്ചും ന്യായമെന്ന് പൊതുസമൂഹമാകെ അംഗീകരിച്ച ഡിമാന്‍ഡുകള്‍ ഉയര്‍ത്തി കൊണ്ടാണ് ആശമാര്‍ അനിശ്ചിതകാല രാപകല്‍ സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവരുന്നത്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നതുമാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ഇപ്പോഴും 233 രൂപ ദിവസ വേതനത്തിനാണ് ആശമാര്‍ പണിയെടുക്കുന്നത്. കേന്ദ്രം വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വാഗ്ദാനം വെറും പാഴ് വാക്കായി. ആശമാര്‍ കേരളത്തിന്റെ മണ്ണില്‍ നടത്തിയ സമരത്തിന്റ ഫലമായി കേന്ദ്രസര്‍ക്കാര്‍ ഇന്‍സന്റീവുകളും വിരമിക്കല്‍ അനുകൂലവും വര്‍ധിപ്പിച്ചിട്ട് മാസങ്ങളായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങുന്നില്ല.

സര്‍ക്കാര്‍ നിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കണം എന്നായിരുന്നു സമരം നടത്തുന്നവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സമരത്തിന്റെ 53-ാം ദിവസം ഏപ്രില്‍ 3ന് ആരോഗ്യ മന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് പഠനം നടത്താന്‍ കമ്മിറ്റി എന്ന തീരുമാനമുണ്ടാത്. ഒരുമാസം കഴിഞ്ഞാണ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടാം എന്ന് തൊഴില്‍ മന്ത്രി പറഞ്ഞുവെങ്കിലും മൂന്നു മാസം കാലാവധി നല്‍കി. ആ സമയപരിധിയും കഴിഞ്ഞു വളരെ വൈകിയാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ഒരു മാസമായിട്ടും അത് പുറത്തുവിടാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമരത്തിന്റെ മുഖ്യ ഡിമാന്‍ഡുകളായ ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവ അനുവദിക്കാന്‍ ഒരു കമ്മിറ്റിയുടെ പഠനം ആവശ്യമില്ലെന്നും ആശമാരുടെ സേവന വേതനവ്യവസ്ഥയെ സംബന്ധിച്ച മറ്റു വിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി ആ കാമെന്നുമുള്ള നിലപാടാണ് സമരം ചെയ്യുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വച്ചത്. എന്നാല്‍, സര്‍ക്കാര്‍ അതിനു തയാറാവാതെ കമ്മിറ്റി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഈ നടപടി ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഉചിതമല്ലെങ്കിലും അസോസിയേഷന്‍ കമ്മിറ്റിയുമായി സഹകരിക്കുകയാണുണ്ടായത്. കമ്മിറ്റിയുടെ ഹീയറിങ്ങില്‍ പങ്കെടുക്കുകയും 27 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് മെമ്മറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സിഐടിയു അടക്കമുള്ള എല്ലാ സംഘടനകളും സമാന ഡിമാണ്ടുകള്‍ കമ്മിറ്റിയുടെ മുന്‍പാകെ ഉന്നയിച്ചു എന്നത് ശ്രദ്ധേയമാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ന്യായയുക്തതയാണ് അതു തെളിയിക്കുന്നത്. സമരം ഇന്നിപ്പോള്‍ 227 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

സംസ്ഥാനത്തെ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും സാമുദായിക നേതാക്കന്മാരും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളും സംസ്ഥാനത്തും ദേശീയ – അന്തര്‍ദേശീയ തലത്തിലുള്ള അനേകം സംഘടനകളും മുഖ്യമന്ത്രിയോട് നിരന്തരം നേരിട്ടും നിവേദനങ്ങള്‍ വഴിയും ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ യാതൊരു അനുകൂല സമീപനവും അദ്ദേഹത്തില്‍നിന്നും ഉണ്ടായിട്ടില്ല. 8 മാസമായി കഠിനമായ വെയിലും മഴയും കാറ്റും പുകയും പൊടിയും സഹിച്ചുകൊണ്ട് ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ രാവും പകലും ആശമാര്‍ നില്‍ക്കുന്നത് മുഖ്യമന്ത്രിയെ തെല്ലും അലട്ടുന്നില്ല. തിരുവോണത്തിനു പോലും ആശമാര്‍ക്ക് തെരുവില്‍ ചോറുണ്ണേണ്ടി വന്നു. കമ്മിറ്റി റിപ്പോര്‍ട്ട് എല്ലാ യൂണിയനുകള്‍ക്കും നല്‍കാനും പൊതു സമൂഹത്തില്‍ വെളിപ്പെടുത്തുവാനും സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ‘

അതേസമയം, ജനങ്ങളുടെ പൊതു ധനമെടുത്ത് ആയിരക്കണക്കിന് കോടി രൂപയുടെ ധൂര്‍ത്ത് നടത്താനും ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കാനും അനാവശ്യ ചെലവുകള്‍ നടത്താനും മുഖ്യമന്ത്രിക്ക് യാതൊരു മടിയുമില്ല. അധ്വാനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച്, സംസ്ഥാനത്തെ ഏറ്റവും നിസ്വരായ സ്ത്രീ തൊഴിലാളികള്‍ക്ക്, അന്നന്ന് പട്ടിണി കൂടാതെ കഴിഞ്ഞുകൂടാനുള്ള മിനിമം കൂലിയെങ്കിലും നല്‍കുന്നതില്‍ മുഖ്യമന്ത്രി കാണിക്കുന്ന പിടിവാശി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.