പൂക്കിപ്പറമ്പ് ദുരന്തത്തിന് ഇന്ന് 22 വയസ്; ഓർമ്മപ്പെടുത്തലും ബോധവത്ക്കരണവുമായി മോട്ടോർ വാഹന വകുപ്പ്

Jaihind Webdesk
Saturday, March 11, 2023

മലപ്പുറം: 44 പേരുടെ ജീവനെടുത്ത് കേരളത്തെ നടുക്കിയ മലപ്പുറം പൂക്കിപ്പറമ്പ് ദുരന്തത്തിന് ഇന്ന് 22 വർഷം പൂർത്തിയാകുന്നു. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ദുരന്തത്തിന് സാക്ഷിയായവരെയും ഡ്രൈവർമാരെയും ചേർത്തുനിർത്തിക്കൊണ്ട് വേദനിക്കുന്ന ഓർമ്മകൾ അനുസ്മരിച്ചുകൊണ്ടുള്ള തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ശ്രദ്ധേയമായി.

2001 മാര്‍ച്ച് 11നാണ് കുത്തിനിറച്ച യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ് പൂക്കിപ്പറമ്പിൽ വെച്ച് കാറിലിടിച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്. 44പേര്‍ കത്തിക്കരിഞ്ഞ സംഭവം ഇന്നും വേദനയോടെയാണ് പ്രദേശവാസികളും മറ്റും ഓർക്കുന്നത്. അപകടത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും യാത്രക്കാരിലും ബസ് ജീവനക്കാരിലും എത്തിച്ച് സുരക്ഷിത യാത്രയുടെ അവബോധം സൃഷ്ടിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബോധവത്ക്കരണം സംഘടിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലും ബോധവത്ക്കരണ ക്ലാസിലും പങ്കെടുത്തു.

പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്തും സമീപപ്രദേശത്തെ സ്കൂളുകളിലും പൊതുജനങ്ങൾക്കും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ദുരന്തത്തിന് സാക്ഷിയായവരെയും ഡ്രൈവർമാരെയും ചേർത്ത് നിർത്തിക്കൊണ്ട് വേദനിക്കുന്ന ഓർമ്മകൾ അനുസ്മരിച്ചു കൊണ്ടുള്ള പരിപാടി ശ്രദ്ധേയമായി. തിരൂരങ്ങാടി ജോയിന്‍റ് ആര്‍ടിഒ എം.പി അബ്ദുൽ സുബൈർ ബോധവത്ക്കരണ ക്ലാസും അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്തു.