തുടർഭരണത്തില്‍ സിപിഎമ്മുകാർക്ക് എന്തുമാകാമോ ? ; ചിന്തയ്ക്കു പുറമെ വാക്സിനെടുത്ത് 22കാരി പഞ്ചായത്ത് പ്രസിഡന്‍റും ; വിവാദം

Jaihind Webdesk
Friday, May 7, 2021

 

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ ജീവനക്കാർക്ക് വാക്സിനേഷൻ നൽകണമെന്ന നിർദ്ദേശത്തിന്‍റെ മറവില്‍ വാക്സിന്‍ സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്‍റ്  പ്രിയങ്ക പ്രതാപ്. സിപിഎമ്മിന്‍റെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റാണ് 22കാരി പ്രിയങ്ക.  മാനദണ്ഡങ്ങള്‍ ലംഘിച്ച് യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്താ ജെറോം വാക്സിന്‍ സ്വീകരിച്ചത് വിവാദമായതിനുപിന്നാലെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റ ഉത്തരവിന്‍റെ മറവിലാണ് പ്രിയങ്ക  ഉദ്യോഗസ്ഥർക്കൊപ്പം പോയി വാക്സിനെടുത്തത്. എതിർക്കാൻ ശ്രമിച്ച മെഡിക്കൽ ഓഫീസറെ പാർട്ടിയുടെ പേര് പറഞ്ഞ് വിരട്ടിയെന്നും ആരോപണമുണ്ട്. മാർച്ച് 21 നാണ് പ്രിയങ്ക കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒന്നാം ഡോസ് വാക്സിൻ എടുത്തത്. കഴിഞ്ഞ മാസം രണ്ടാം ഡോസും സ്വീകരിച്ചു. അതേസമയം ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും വാക്സിനേഷൻ നൽകണമെന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല. 18 മുതൽ 45 വയസു വരെയുള്ളവർക്ക് വാക്സിനേഷനായി രജിസ്ട്രേഷൻ കഴിഞ്ഞയാഴ്ച തുടങ്ങിയെങ്കിലും വിതരണം മാറ്റി വച്ചിരിക്കുകയാണ്.

പ്രസിഡന്റ് വാക്സിൻ എടുത്ത വിവരം അറിഞ്ഞ് പഞ്ചായത്തംഗങ്ങൾ തങ്ങൾക്കും വാക്സിൻ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇവർക്ക് വാക്സിൻ നൽകാൻ മാനദണ്ഡമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതോടെയാണ് പ്രസിഡന്റിന്റെ വാക്സിനേഷന്‍ വിവാദമായത്.