ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പലസ്തീനില്‍ 21 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും പട്ടിണിയുമാണ് കുട്ടികളുടെ മരണ കാരണമെന്ന് ഗാസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്സിന്റെ ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യ ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുകയാണ്.
ഗാസയില്‍ ആളുകളെ ജീവനോടെ നിലനിര്‍ത്തുന്ന അവസാന ലൈഫ്ലൈനുകളും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളും മുതിര്‍ന്നവരും വര്‍ദ്ധിച്ചുവരുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഗാസയ്ക്ക് പടിഞ്ഞാറുള്ള അല്‍-ഷാത്തി ക്യാമ്പിന് നേരെയുള്ള ഇസ്രായേലി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏജന്‍സി വക്താവ് മഹ്‌മൂദ് ബസ്സാല്‍ പറഞ്ഞു. 21 മാസത്തെ യുദ്ധത്തില്‍ 59,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ അധികാരികള്‍ പറയുന്നു.
ഗാസയിലെ ഭൂരിഭാഗം ജനങ്ങളും സംഘര്‍ഷത്തിനിടെ ഒരിക്കലെങ്കിലും പലായനം ചെയ്തിട്ടുണ്ട്. കൂടാതെ മെഡിറ്ററേനിയന്‍ തീരത്തുള്ള അല്‍-ഷാത്തി ക്യാമ്പില്‍ വടക്ക് നിന്ന് കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ കൂടാരങ്ങളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലുമാണ് കഴിയുന്നത്.