രാഷ്ട്രീയ അട്ടിമറികളുടെ ഒരു വര്‍ഷം കൂടി പിന്നിട്ട് പുതുവര്‍ഷത്തിലേക്ക് എത്തുമ്പോള്‍ രാജ്യം വീണ്ടും തെരെഞ്ഞെടുപ്പു ഗോദയിലേക്ക്. 17-ാം ലോക്സഭയിലേക്കും അഞ്ച് നിയമസഭകളിലേക്കും അങ്കം കുറിയ്ക്കാന്‍ മാസങ്ങള്‍ ശേഷിക്കുമ്പോള്‍ ഏറെ വിയര്‍ക്കുന്നത് ബി.ജെ.പിയാണ്. ഹിന്ദിഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് നടത്തിയ തേരോട്ടം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ വിധിയെഴുത്തായി മാറിയിരുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അമിത്ഷാ – മോദി സഖ്യത്തിന്റെ ലക്ഷ്യത്തെ കടപുഴക്കിയെറിഞ്ഞ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമൊപ്പം ജനങ്ങള്‍ അണിനിരക്കുമെന്ന ഭീതിയാണ് ബി.ജെ.പി ക്യാമ്പുകളില്‍ ആശങ്ക പരത്തുന്നത്. ലോക്സഭയിലേക്ക് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ ഇനി 100 ദിവസം പോലും അവശേഷിക്കുന്നില്ലെന്ന വസ്തുതയും ബി.ജെ.പി -സംഘപരിവാര്‍ കക്ഷികളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്ന മുറയ്ക്കാവും തെരെഞ്ഞെടുപ്പു കമ്മിഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. ഇതിനു പിന്നാലെ എട്ട് നിയമസഭകളിലേക്കും വിധിയെഴുത്ത് നടക്കും. ആന്ധ്രപ്രദേശ് ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലാവും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നലകുന്നത്. ഇതില്‍ മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ ആന്ധ്രയില്‍ തെലുങ്കുദേശവും ഒഡീഷയില്‍ ബിജു ജനതാദളുമാണ് അധികാരം കൈയ്യാളുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സിക്കിമില്‍ പവന്‍ കുമാര്‍ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടാണ് ഭരണത്തിലുള്ളത്. ജമ്മു-കാശ്മീരില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അധികാരം കവരാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതോടെ അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തരംഗം ആഞ്ഞടിച്ചുവെങ്കില്‍ ഇപ്പോള്‍ ബിജെപി വമ്പന്‍ തകര്‍ച്ചയെ നേരിടുകയാണ്. അന്ന് ഓരോ സംസ്ഥാനത്തും നേടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയില്ല. 2019ലും മോദി അധികാരത്തില്‍ തിരിച്ചുവരുമെന്ന ബി.ജെ.പിയുടെ കുപ്രചരണത്തിന് ചുട്ട മറുപടിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍രഗസ് പിടിച്ചെടുത്തു കൊണ്ട് നല്‍കിയത്. രാജ്യം ഏറെ സൂക്ഷ്മതയോടെ വീക്ഷിച്ച തെശരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അട്ടിമറി വിജയം മോദി- അമിത് ഷാ സഖ്യത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ബി.ജെ.പിയുടെ അടിത്തറ ഇളക്കുകയും ചെയ്തു.
മോദിയുടെ ധാര്‍ഷ്ട്യത്തെയും ഏകാധിപത്യപ്രവണതയെയും വിനയവും പക്വതയും കൊണ്ട് നേരിട്ട രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നേതാവായി മാറി. റാഫേലിലടക്കം രാഹുല്‍ ഉയര്‍ത്തിയ ചോദ്യശരങ്ങളുടെ പ്രഹരശേഷിയെ തടുക്കാനാവാതെ മോദി പ്രഭാവം ബി.ജെ.പിയിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും മങ്ങുകയും ചെയ്തു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള െഎക്യ പുരോഗമന മുന്നണിയും തമ്മിലുള്ള ഒരേറ്റുമുട്ടല്‍ മാത്രമായിരിക്കില്ല ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാണുക. ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാല മതനിരപേക്ഷ സഖ്യം ഉരുത്തിരിയാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒപ്പം ബിജെപി വിരുദ്ധ കോണ്‍ഗ്രസ് വിരുദ്ധ ഫെഡറല്‍ സഖ്യത്തിനുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന മുന്നണിയും തമ്മിലാണ് മുഖ്യമായും ഏറ്റുമുട്ടന്നതെങ്കിലും ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ വിവിധ കക്ഷികളുടെ വിശാലമുന്നണിയും രൂപപ്പെട്ടു വരികയാണ്. പലയിടത്തും ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ തിരിച്ചടിയെ എങ്ങനെ നേരിടുമെന്ന ചിന്തയും ബി.ജെ.പിയെ വലയ്ക്കുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച, കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന വ്യാപകമായ അസംതൃപ്തി, നോട്ട് നിരോധനം അടിച്ചേല്‍പ്പിച്ച തളര്‍ച്ച, ചരക്ക്, സേവന നികുതി നടപ്പാക്കിയതിലെ അപാകതകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ജനങ്ങളെ ബി.ജെ.പിയില്‍ നിന്നും പൂര്‍ണ്ണമായി അകറ്റിക്കഴിഞ്ഞു.