2019ന്‍റെ പ്രതീക്ഷകള്‍

സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ കാറ്റ് മാറി വീശുകയാണ്. പ്രതിപക്ഷ ഐക്യവും മതേതര ശക്തികളുടെ ഏകീകരണവും സഫലമായാല്‍ 2019 നരേന്ദ്രദാസ് മോദിക്കും ബി.ജെ.പിക്കും കണ്ടകശനിയായിരിക്കും. ഇതിന്‍റെ സൂചനകളാണ് ഗോരക്പൂരിലെയും ഫല്‍പൂരിലെയും ഖൈരാനയിലെയും തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

മതേതര ശക്തികളുടെ കൂട്ടായ്മയായിരുന്നു ഈ ലോക്സഭാ നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി അടിപതറി വീണത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബി.ജെ.പിക്ക് ഹിതപരിശോധനയായിരിക്കും. മതേതര ശക്തികളുടെ ഏകീകരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങി എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ മതം.

ദേശീയവ്യാപകമായി ബി.ജെ.പിക്കെതിരെ ഉയര്‍ന്നുവരുന്ന ജനരോഷവും മതേതരശക്തികളുടെ ഏകീകരണവും ഒത്തുചേരുമ്പോള്‍ 2019ന്‍റെ രാഷ്ട്രീയം ബി.ജെ.പിക്ക് നഷ്ടക്കണക്കുകള്‍ സമ്മാനിക്കും.

മതേതരശക്തികളുടെ കൂട്ടായ്മയ്ക്ക് ബംഗളുരുവില്‍ തുടക്കം കുറിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു. കര്‍ണാടകത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായിട്ടും എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് പ്രതിപക്ഷ ഏകീകരണത്തിന് വിത്തിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും സമാനചിന്താഗതിക്കാരായ ബി.എസ്.പിയും മറ്റ് പ്രാദേശിക കക്ഷികളുമായുള്ള കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയാണ്.

ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുനേരെയുള്ള ബി.ജെ.പിയുടെ നിഷേധാത്മകമായ നിലപാടുകളും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ കത്തുന്ന വിലയും നിയന്ത്രിക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഭരണകൂടത്തിനും കഴിയുന്നില്ല. ഈ പ്രശ്നങ്ങളെല്ലാം തന്നെ ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തെ മറ്റ് കക്ഷികളും നേതാക്കളും അംഗീകരിച്ചുതുടങ്ങി എന്നതിന്‍റെ സൂചനകളും ദേശീയരാഷ്ട്രീയരംഗത്തെ ശ്രദ്ധേയമാക്കുന്നു.

രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് നേരെ ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും ഇന്നും ഭീഷണിയായി നിലകൊള്ളുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ രാജ്യത്തെ പൂര്‍ണമായും കോര്‍പറേറ്റ് വത്ക്കരിച്ചിരിക്കുന്നു. മോദിയുടെ ഭരണം മുംബൈയിലെ റിലയന്‍സ്, അദാനി അടക്കമുള്ള ഏതാനും വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കുവേണ്ടി മാത്രമാണെന്നുള്ള ചിന്ത സാധാരണ ജനങ്ങളിലും വേരോടിക്കഴിഞ്ഞു. മാധ്യമങ്ങളെ വിലയ്ക്കെടുത്തും ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചും ഞാനാണ് നല്ലവന്‍ എന്ന പ്രതീതി സൃഷ്ടിക്കുന്നതിന്‍റെ ഓട്ടത്തിലുമാണ് മോദി.

കശ്മീര്‍ പ്രശ്നവും വിദേശനയങ്ങളിലുള്ള പാളിച്ചകളും രാജ്യം അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളും പേടിപ്പെടുത്തുന്ന കാര്‍മേഘമായി ഉരുണ്ടുകൂടിയിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രതിപക്ഷകക്ഷികളുടെ  കൂട്ടായ്മ 2019 ല്‍ പുതുവസന്തത്തിന്‍റെ പ്രതീക്ഷയാണ്.

-ഹെലന്‍ തോമസ്-

congressbjprahul gandhinational politicsnarendra modi
Comments (0)
Add Comment