തിരുവനന്തപുരം : കേരളത്തിൽ 2018 ലെ പ്രളയം സര്‍ക്കാരിന്റെ വീഴ്ച്ച മൂലമെന്ന് പഠന റിപ്പോര്‍ട്ട്. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് കണ്ടെത്തല്‍.
മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിര്‍മാണ രേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്‌ലഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. ഫ്‌ലഡ് കുഷന്‍ അളവായ 110.42 മില്യന്‍ ക്യുബിക് മീറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിലും മുഴുവന്‍ ശേഷിയില്‍ ഫ്‌ലഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല.
വെള്ളപ്പൊക്ക സമയത്ത് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്റ്റ് 16 മുതല്‍ 18 വരെ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നില്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച് വകുപ്പിലെ പി.പി.മജുംദാര്‍, ഐഷ ശര്‍മ, ആര്‍.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്. മഹാപ്രളയവേളയില്‍ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.