ന്യൂഡല്‍ഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ശ്രമം തുടർന്ന് ഇന്ത്യ. ഏകദേശം ഇരുപതിനായിരം ഇന്ത്യക്കാരാണ് റഷ്യയുടെ അപ്രതീക്ഷിത സൈനിക നടപടിയില്‍ യുക്രെയ്നില്‍ കുടുങ്ങിയത്. ഇതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ എംബസി അടയ്ക്കില്ല.
യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ നാലായിരം പേരെയാണ് ഇതുവരെ ഒഴിപ്പിക്കാനായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ളവരെ നാല് രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് നീക്കം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യുക്രെയ്ന് പുറത്ത് വിമാനങ്ങൾ എത്തിച്ച് ഇവരെ രക്ഷിക്കാനാണ് ശ്രമം.
കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. ബോംബ് ഷെല്‍റ്ററുകളിലും ബങ്കറുകളിലും അഭയം തേടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ഗൂഗിള്‍ മാപ്പിന്‍റെ സേവനം ഉപയോഗപ്പെടുത്താനും ഇന്ത്യക്കാരോട് എംബസി ഇന്നലെ നിർദേശിച്ചു.