അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ; കർണാടകയില്‍ സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

Tuesday, January 17, 2023

 

ബംഗളുരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപനം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കെടുത്ത ‘നാ നായഗി’ കണ്‍വന്‍ഷനിലായിരുന്നു കോണ്‍ഗ്രസിന്‍റെ സുപ്രധാന പ്രഖ്യാപനം. ‘ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴിൽ 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. സ്ത്രീശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് അറിയിച്ചു. സംസ്ഥാനത്തെ ഓരോ സ്ത്രീയേയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നത്.  ഒന്നര കോടി സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ബിജെപിയെ കടന്നാക്രമിച്ച പ്രിയങ്കാ ഗാന്ധി അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആരോപിച്ചു. കർണാടകയിലെ അവസ്ഥ തീർത്തും ലജ്ജാകരമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. തൊഴിൽ നൽകുന്നതിന് 40 ശതമാനം കമ്മീഷൻ ഈടാക്കുന്നവരാണ് ബിജെപിയുടെ മന്ത്രിമാർ. പൊതുജനത്തിന്‍റെ ഒന്നര ലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടത്. കുഴൽകിണർ കുഴിക്കുന്നതിന്, ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന്, ജോലിയുടെ സ്ഥലംമാറ്റത്തിന് അങ്ങനെ സർക്കാരുമായി ബന്ധപ്പെട്ട് എല്ലാത്തിനും കൈക്കൂലി നൽകേണ്ട അവസ്ഥയാണുള്ളത്. 8,000 കോടി രൂപയ്ക്ക് ബംഗളുരുവിൽ ഒരു പദ്ധതി നടപ്പാക്കിയാല്‍ അതിൽ 3,200 കോടി രൂപ മന്ത്രിമാരുടെ കമ്മീഷനായിരിക്കുമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സർക്കാർ എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു.

കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘നാ നായഗി’ എന്ന വനിതാ കണ്‍വന്‍ഷനിലായിരുന്നു ‘ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.